പെൻഷൻ കിട്ടാത്തതിനെ തുടർന്ന് വയോധിക ആത്മഹത്യ ചെയ്ത സംഭവം: സർക്കാരിന്റെ കൊലക്കുരുതി അവസാനിപ്പിക്കണം: യൂത്ത്കോൺഗ്രസ്
ശാസ്താംകോട്ട: പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വയോധിക ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം ദാരുണമെന്നും ഉത്തരവാദികൾ സംസ്ഥാന സർക്കാരാണെന്നും യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് അനുതാജ്. സംസ്ഥാനത്ത് വിവിധ ക്ഷേമ പെൻഷനുകൾ നിലച്ചിട്ട് ഏഴുമാസം പിന്നിടുന്നു. സാധാരണക്കാരായ ജനങ്ങളെ സർക്കാർ കുരുതി കൊടുക്കുകയാണ്. നിരവധി കുടുംബങ്ങളാണ് സർക്കാരിന്റെ അലംഭാവം മൂലം ദുരിതക്കയത്തിലേക്ക് വീണു പോയിരിക്കുന്നത്. വയനാട് ജില്ലയിൽ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ഒരാൾ ആത്മഹത്യ ചെയ്തിട്ട് അധികം നാളുകൾ ആകുന്നില്ല. ആത്മഹത്യകൾ തുടർക്കഥയാകുമ്പോഴും സർക്കാർ അവരുടെ നിസ്സംഗത തുടരുകയാണ്. ജനങ്ങളെ ഇനിയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നയം അംഗീകരിക്കാൻ കഴിയുകയില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും പി.എസ് അനുതാജ് കൂട്ടിച്ചേർത്തു.അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍പ്പെട്ട ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശി ഓമന കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്.