സമുദ്രമത്സ്യ ഗവേഷണത്തിൽ ഇനി പൊതുജനങ്ങൾക്കും പങ്കാളികളാകാം
സിഎംഎഫ്ആർഐയുടെ മൊബൈൽ ആപ്പ് റെഡി
സമുദ്രമത്സ്യ ഗവേഷണത്തിൽ പൊതുജനങ്ങളെ സഹകരിപ്പിക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന കടൽമത്സ്യയിനങ്ങളുടെ സമ്പൂർണ സചിത്രഡേറ്റബേസ് പൊതുജനപങ്കാളിത്തത്തിൽ വികസിപ്പിക്കുന്നതിനാണ് ‘മാർലിൻ@സിഎംഎഫ്ആർഐ’ എന്ന പേരിലുള്ള ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയുടെ വിവിധ തീരങ്ങളിൽ പിടിക്കപ്പെടുന്ന മീനുകളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ആപ്പിൽ അപ്ലോഡ് ചെയ്യാം. ഈ വിവരങ്ങൾ ഇന്ത്യൻ സമുദ്രാതിർത്തിയിലെ മത്സ്യയിനങ്ങളെ കൃത്യമായി തിരിച്ചറിയാനും മറ്റ് ശാസ്ത്രീയവിവര ശേഖരണത്തിനും സിഎംഎഫ്ആർഐയെ സഹായിക്കും. കടൽ മത്സ്യസമ്പത്തിന്റെ സചിത്രഡേറ്റാബേസ് തയ്യാറാക്കാനും വഴിയൊരുക്കും.
ഭാവിയിൽ എഐ സഹായത്തോടെ, മൊബൈലിൽ മീനിന്റെ ദൃശ്യം അപ്ലോഡ് ചെയ്യുമ്പോൾ തന്നെ അതിന്റെ സമ്പൂർണവിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം വികസിപ്പിക്കുയാണ് ആപ്പ് വഴിയുള്ള സചിത്രവിവര ശേഖരണത്തിന്റെ ലക്ഷ്യം. ജിയോടാഗിംഗ് ഉള്ളതിനാൽ വിവരം കൈമാറുന്ന മത്സ്യയിനങ്ങളുടെ കൃത്യമായ സ്ഥലം രേഖപ്പെടുത്താനാകും. ഇത് മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട പഠനങ്ങൾ കുറ്റമറ്റതാക്കാൻ സഹായിക്കും.