ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടരാം: മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി
ലഖ്‌നോ: ഗ്യാന്‍വാപി മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ല കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. മസ്ജിദില്‍ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് കോടതി വ്യക്തമാക്കി. പള്ളി നിയന്ത്രിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹരജി നല്‍കിയത്. ഫെബ്രുവരി 15ന് വാദം പൂര്‍ത്തിയാക്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
ഗ്യാന്‍വാപി മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ വിധിക്കെതിരെയുള്ള തങ്ങളുടെ എതിര്‍പ്പുകള്‍ മസ്ജിദ് കമ്മിറ്റി ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. പള്ളിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന എന്നറിയപ്പെടുന്ന നിലവറ 1993 മുതല്‍ തങ്ങളുടെ അധീനതയിലാണെന്നും വ്യാസ് കുടുംബത്തിനോ മറ്റാര്‍ക്കെങ്കിലുമോ അവകാശവാദം ഉന്നയിക്കാനും ആരാധന നടത്താനും കഴിയില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.
30 വര്‍ഷമായി അവിടെ പൂജ നടന്നിരുന്നില്ല. ഇപ്പോള്‍ കോടതി റിസീവറെ നിയമിച്ചതിനും തല്‍സ്ഥിതിയില്‍ മാറ്റം വരുത്തിയതിനും മതിയായ കാരണമില്ലെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, 1993ന് ശേഷവും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സി.ആര്‍.പി.എഫ് ഏറ്റെടുക്കുംവരെ നിലവറയില്‍ പൂജ നടന്നിരുന്നുവെന്നാണ് ഹിന്ദുപക്ഷം വാദിച്ചത്. ഇരുപക്ഷത്തിന്റെയും വിശദവാദം കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്.
ജനുവരി 31നാണ് ഗ്യാന്‍വാപി മസ്ജിദിലെ സീല്‍ ചെയ്ത നിലവറകളില്‍ തെക്കുഭാഗത്തുള്ള 'വ്യാസ് കാ തഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയില്‍ ഹിന്ദുക്കള്‍ക്ക് പൂജ ചെയ്യാന്‍ അനുവാദം നല്‍കി വരാണസി ജില്ല കോടതി ഉത്തരവിട്ടത്. മസ്ജിദില്‍ പൂജക്ക് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകള്‍ ഹരജി നല്‍കിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.