തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്.രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവു ശിക്ഷ വിധിക്കും.കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.2020 ക്രിസ്മസ് ദിനത്തിലായിരുന്നു ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് 88ാം ദിവസമായിരുന്നു കൊലപാതകം.
കേസില്‍ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്.കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീര്‍ഘനാളത്തില്‍ പ്രണയത്തിന് ശേഷമായിരുന്നു വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹം. പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായി. അന്ന് സ്റ്റേഷനില്‍ വെച്ച് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ മകളുടെ മുഖത്ത് നോക്കി അനീഷിനെ 90 ദിവസത്തിനുളളില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. 88 -ാം ദിവസം അച്ഛനും അമ്മാവന്‍ സുരേഷും ചേര്‍ന്ന് ക്രൂര കൊലപാതകം നടപ്പാക്കി. ഇതിലാണ് ഇന്ന് കോടതി ശിക്ഷ വിധിക്കുക.