കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
ചണ്ഡിഗഡ്: കർഷക സമരത്തിനിടെ പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൻ സിങ്ങിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. ശുഭ്കരൻ സിങ്ങിന്‍റെ സഹോദരിക്കു സർക്കാർ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ അറിയിച്ചു. പഞ്ചാബ് -ഹരിയാന അതിർത്തിയിലുണ്ടായ പൊലീസ് വെടിവെയ്പ്പിൽ ബുധനാഴ്ചയാണ് സിങ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ 12 പൊലീസുകാർക്കും പരുക്കേറ്റിരുന്നു. കർഷകന്‍റെ മരണത്തില്‍ കുറ്റക്കാരായവർക്കെതിരേ നിയമ നടപടി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരണപ്പെട്ട സിങ്ങിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.
സിങ്ങിന്‍റെ സ്മരണയ്ക്കായി പ്രതിമ നിർമിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. പട്യാലയിലെ രജീന്ദ്ര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന സിങ്ങിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത് കുടുംബത്തിന് കൈമാറിയതിനു ശേഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.