യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചാബ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
ചണ്ഡീഗഡ്: കര്‍ഷക സമരത്തിന് നേരെ ഹരിയാന പൊലീസ് നടത്തിയ അതിക്രമത്തില്‍ കണ്ണീര്‍വാതക ഷെല്‍ തലയില്‍ പതിച്ച് യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചാബ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിയമോപദേശത്തെ തുടര്‍ന്നാണ് സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പഞ്ചാബ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുഖ്‌ചെയിന്‍ സിങ് ഗില്‍ പറഞ്ഞു. പരാതികളില്‍ അധികാരപരിധി നോക്കാതെ കേസെടുക്കുന്നതാണ് സീറോ എഫ്.ഐ.ആര്‍.
കേസെടുത്ത സാഹചര്യത്തില്‍ ശുഭ്കരണ്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. കര്‍ഷകന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ശുഭ്കരണിന്റെ സഹോദരിക്ക് പഞ്ചാബ് പൊലീസില്‍ ജോലിയും നല്‍കും.
21കാരനായ ശുഭ്കരണ്‍ സിങ് ഖനൗരി അതിര്‍ത്തിയിലെ സമരത്തിനിടെ പൊലീസിന്റെ കണ്ണീര്‍വാതക ഷെല്‍ തലയില്‍ പതിച്ച് സാരമായി പരിക്കേറ്റാണ് മരിച്ചത്. ഹരിയാന പൊലീസിനെതിരെ പഞ്ചാബ് പൊലീസ് കേസെടുക്കുംവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഡല്‍ഹി ചലോ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റും കണ്ണീര്‍വാതകം ശ്വസിച്ചും ആറ് കര്‍ഷകരാണ് മരിച്ചത്. കണ്ണീര്‍വാതക പ്രയോഗത്തില്‍ സാരമായി പരിക്കേറ്റ കര്‍ണയില്‍ സിങ് (62) എന്ന കര്‍ഷകന്‍ ചൊവ്വാഴ്ച മരിച്ചിരുന്നു. ദര്‍ശന്‍ സിങ്, ഗ്യാന്‍ സിങ്, മന്‍ജീത് സിങ്, നരീന്ദര്‍ സിങ് എന്നീ കര്‍ഷകര്‍ സമരത്തിന് നേരെയുള്ള പൊലീസ് നടപടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.