പി വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. ലൈസന്‍സ് ഇല്ലാതെ പിന്നെങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ ബുധനാഴ്ച മറുപടി നല്‍കാന്‍ കോടതി സര്‍ക്കാറിനു നിര്‍ദേശം നല്‍കി. അപേക്ഷയിലെ പിഴവു കാരണം അന്‍വറിന്റെ പാര്‍ക്കിനു ലൈസന്‍സ് നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ലൈസന്‍സ് ഇല്ലാത്ത പാര്‍ക്ക് അടച്ചുപൂട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. പാര്‍ക്കിന്റെ വിശദ വിവരങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞ ദിവസം ഹൈകോടതി സര്‍ക്കാറിനു നിര്‍ദേശം നല്‍കിയിരുന്നു. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയില്‍ ജിയോളജി ഡിപ്പാര്‍ട്‌മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചതെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.