Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഹുല്‍: ഗംഗയ്ക്ക് ചാല്‍ കീറിയ ഭഗീരഥന്‍; മുഖപ്രസംഗം വായിക്കാം

02:02 PM Jun 06, 2024 IST | Online Desk
Advertisement

ഫാസിസത്തിന്റെ കൊമ്പ് കുലുക്കി ചിഹ്നം വിളിച്ചുള്ള വരവിനെ മയക്കുവെടികൊണ്ട് വീഴ്ത്താന്‍ ഇന്ത്യ മുന്നണിക്ക് സാധിച്ചത് ഭിന്നതകളില്ലാത്ത ഐക്യം കൊണ്ടായിരുന്നു. കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും നിരവധി നേതാക്കള്‍ തോളോടുതോള്‍ ചേര്‍ന്നപ്പോള്‍ അത് വലിയൊരു പ്രതിരോധ കോട്ടയായി മാറുകയായിരുന്നു. നാനൂറിലധികം സീറ്റുകള്‍ നേടുമെന്ന നരേന്ദ്രമോദിയുടെ അഹങ്കാരത്തോടെയുള്ള വിളംബരം അതിമോഹവും ധാര്‍ഷ്ട്യവും നിറഞ്ഞ പ്രഖ്യാപനമായിരുന്നു. വിമോചന പോരാട്ടങ്ങള്‍ക്ക് പടത്തലവന്‍ നേതൃത്വം നല്‍കുന്നതുപോലെയാണ് രാഹുല്‍ഗാന്ധി ചുവന്ന പുറംചട്ടയുള്ള ഇന്ത്യന്‍ ഭരണഘടനയുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

Advertisement

രാഹുല്‍ രക്ഷിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും പരിപാവനമായ ഭരണഘടനയെയുമായിരുന്നു. എണ്ണമറ്റ സ്വാതന്ത്ര്യപോരാട്ടത്തില്‍ ജീവനും ജീവിതവും സമര്‍പ്പിച്ച് നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യം തകര്‍ക്കപ്പെടുമോയെന്ന് സന്ദേഹിച്ച വേളയിലാണ് പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത്. തങ്ങള്‍ നാനൂറ് സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ പ്രഖ്യാപനം ഇന്ത്യന്‍ ഭരണഘടനയെ ശിരച്ഛേദം ചെയ്യാനുള്ള കൊലവാള്‍ ആവശ്യപ്പെടുന്നതിന് തുല്യമായിരുന്നു. രാജ്യത്തെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തില്‍ മുറുകെപ്പിടിച്ച വീര്യവും യുദ്ധതന്ത്രങ്ങളും രാഹുല്‍ നേടിയത് ഏതെങ്കിലും സൈനിക പാഠശാലകളില്‍ നിന്നോ പുസ്തകത്താളുകളില്‍ നിന്നോ ആയിരുന്നില്ല.

ഇന്ത്യയുടെ ഹൃദയത്തില്‍ കൈവെച്ചും ദരിദ്രരും ദീനരും ദുഃഖിതരുമായ ശതകോടി ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടും രാഹുല്‍ ഇന്ത്യയുടെ സങ്കടം കാണാന്‍ നാടുനീളെ സഞ്ചരിച്ചു. അനേകം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകത്തിന്റെ ദുഃഖം കാണാന്‍ രാജധാനി വിട്ടിറങ്ങിയ സിദ്ധാര്‍ഥ രാജകുമാരന്റെ പരിത്യാഗത്തിന് സമാനമായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ യാത്രകള്‍.

ഒന്നാംഘട്ടം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും രണ്ടാംഘട്ടം മണിപ്പൂര്‍ മുതല്‍ മുംബൈ വരെയും യാത്ര ചെയ്തു. ഇതൊരു ഉല്ലാസയാത്രയായിരുന്നില്ല. മരംകോച്ചുന്ന കൊടുംതണുപ്പും കത്തിയാളുന്ന വെയിലും തിമിര്‍ത്ത് പെയ്യുന്ന മഴയും കൂസാതെയുള്ള യാത്രയില്‍ രാഹുല്‍ കണ്ടത് യഥാര്‍ഥ ഇന്ത്യയെ ആയിരുന്നു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ചേരികളിലെയും പട്ടിണിയും ദാരിദ്ര്യവും കണ്ണീരും സങ്കടങ്ങളും മുഖാമുഖം കണ്ടു. പതിതരുടെയും അധഃസ്ഥിതരുടെയും ദുഃഖത്തിനറുതി വരുത്തുന്ന ഒരു രാഷ്ട്രീയത്തിന് മാത്രമേ ഇന്ത്യയുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുകയുള്ളൂവെന്ന് രാഹുല്‍ മനസ്സില്‍ കുറിച്ചിട്ടു. ഇതോടൊപ്പം നാടുനീളെ ബിജെപി വിതച്ച വര്‍ഗീയ വിഷവിത്തുകളെ പൂര്‍ണമായും പിഴുതെറിഞ്ഞ് ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇന്ത്യ മുന്നണിയെന്ന രാഷ്ട്രീയ സഖ്യം അങ്ങിനെ രൂപം കൊണ്ടതാണ്.

സ്ത്രീകളുടെയും യുവാക്കളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള വിളംബരം മുഴക്കിക്കൊണ്ട് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ഒരു കൊടുങ്കാറ്റിന്റെ വേഗതയില്‍ തെക്ക് നിന്ന് വടക്കോട്ടും പടിഞ്ഞാറുനിന്ന് കിഴക്കോട്ടും രാഹുല്‍ സഞ്ചരിച്ചു. ആരും ക്ഷണിക്കാതെയും യാത്രാസൗകര്യങ്ങളില്ലാതെയും രാഹുലിനെ കാണാനും കേള്‍ക്കാനും ആളുകള്‍ തടിച്ചുകൂടി. സ്വന്തം മുത്തശ്ശിയുടെയും പിതാവിന്റെയും ജീവനുകള്‍ രാജ്യത്തിനുവേണ്ടി ബലിനല്‍കിയ ഭയപ്പെടുത്തുന്ന ഓര്‍മകള്‍ രാഹുലിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തുപകര്‍ന്നതേയുള്ളൂ. സംഘര്‍ഷഭൂമികളില്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് മുന്നേറിയ രാഹുലിന്റെ നിശ്ചയദാര്‍ഢ്യം ഫാസിസത്തിനെതിരായ പോരാട്ടത്തിന് 'ഇന്ത്യ'ക്ക് ഊര്‍ജമായി.

ആരോഗ്യപരമായ അവശതകളുണ്ടായിട്ടും സോണിയാ ഗാന്ധിയെ മണിക്കൂറുകളോളം ചോദ്യം ചെയ്യാനും രാഹുല്‍ ഗാന്ധിയെ നിയമക്കുരുക്കുകളില്‍ പെടുത്താനും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിട്ടും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് നിര്‍ഭയനായി രാഹുല്‍ഗാന്ധി ഈ പോരാട്ടം നയിച്ചു.

പ്രഹരശേഷിയുള്ള വാക്കുകള്‍ കൊണ്ട് രാഹുല്‍ മോദിയെയും ബിജെപിയെയും ആക്രമിച്ചു. രാഹുലിന്റെ കൂരമ്പുകളേറ്റ് നിലംപൊത്തുന്ന മോദിപ്പടയെയാണ് തെരഞ്ഞെടുപ്പ് രംഗത്ത് നാം കണ്ടത്. നാനൂറ് പ്ലസ് ലക്ഷ്യംവെച്ച എന്‍ഡിഎയ്ക്ക് 292 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാഹുലാണ് ഇന്ത്യ മുന്നണിയുടെ ഊര്‍ജടാങ്ക് എന്ന് മനസ്സിലാക്കിയ ബിജെപി രാഹുലിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചതിപ്രയോഗങ്ങളും ശരപ്രയോഗങ്ങളും മറികടന്ന് രാഹുല്‍ ഇന്ത്യ മുന്നണിയെ കരുത്തുറ്റ ശക്തിയാക്കി മാറ്റി.

മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജീവന്‍ നല്‍കിയ ധീരരക്തസാക്ഷികള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെയും ആദര്‍ശങ്ങളെയും ദുര്‍ബ്ബലപ്പെടുത്താന്‍ രാജ്യത്ത് ഒരു ശക്തിയേയും അനുവദിക്കില്ലെന്ന ജനങ്ങളുടെ ഉജ്വലമായ പ്രഖ്യാപനമാണ് ഈ വിധിയെഴുത്തിലൂടെ പ്രഘോഷിക്കപ്പെടുന്നത്.
ഗംഗയെ വഴിച്ചാലുകള്‍ കീറി ആകാശത്തുനിന്നും ഭൂമിയിലെത്തിച്ച ഭഗീരഥന്റെ പ്രയത്‌നത്തിന് തുല്യമായിരുന്നു രാഹുലിന്റെ അധ്വാനവും ലക്ഷ്യവും.

Tags :
editorialfeatured
Advertisement
Next Article