മുഖ്യമന്ത്രിയ്ക്കും ബിജെപിയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപിയ്ക്കെതിരെയും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപിയ്ക്ക് എതിരെ സംസാരിക്കുന്ന തനിക്കെതിരെ നിരന്തരം ആരോപണങ്ങളും അധിക്ഷേപങ്ങളും ഉയർത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് ബിജെപിയെ എതിർക്കുന്നവരെല്ലാം ജയിലിലാണ് എന്നിട്ടും പിണറായി വിജയന് മാത്രം ഒന്നും സംഭവിക്കുന്നില്ല. ബിജെപിയെ എതിർത്താൽ 24 മണിക്കൂറിനകം ഏതെങ്കിലും തരത്തിൽ പ്രത്യാക്രമണങ്ങൾ നടത്തുന്ന ബിജെപി പിണറായി വിജയന് നേരേ കണ്ണടക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എന്താണെന്ന് മനസ്സിലാകും. സത്യസന്ധമായി എതിർക്കുന്നവരെ മാത്രമേ ബിജെപി പിന്തുടരുവെന്നും രാഹുൽ പറഞ്ഞു. തന്നെ ഇ ഡി ചോദ്യം ചെയ്തത് 55 മണിക്കൂർ ആണ്. താമസിച്ചിരുന്ന വീട്ടിൽ നിന്നും പുറത്താക്കി താക്കോൽ വാങ്ങി. തനിക്ക് താമസിക്കാൻ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളുടെ വീടുകൾ ഉണ്ടെന്നും ഇത്തരത്തിൽ തന്നെ ആക്രമിച്ച ബിജെപി പിണറായിയെ ഒന്നും ചെയ്യുന്നില്ലായെന്നും പിണറായിക്ക് എപ്പോഴും തന്നെ എതിർക്കുക മാത്രമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ' ഞാൻ മുഴുവൻ സമയവും ബിജെപിയെ എതിർക്കുന്നു, കേരള മുഖ്യമന്ത്രി മുഴുവൻ സമയവും എന്നെയും എതിർക്കുന്നു' രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടുപിടിച്ച് ബിജെപി ജനാധിപത്യത്തെ അടിച്ചമർത്തുകയും തകർക്കാൻ ശ്രമിക്കുകയുമാണ്. ആർഎസ്എസ്-ബിജെപി എന്ത് ചെയ്താലും അവയ്‌ക്കെതിരെ പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.