'മറ്റുള്ളവരെ അവഹേളിക്കുന്നത് ഭീരുക്കളുടെ ലക്ഷണം'; സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സ്മൃതി ഇറാനിക്കും മറ്റു രാഷ്ട്രീയ നേതാക്കൾക്കുമെതിരെ മോശം പദപ്രയോഗങ്ങൾ നടത്തുന്നതിൽ നിന്നും അവഹേളിക്കുന്നതിൽ നിന്നും അങ്ങനെ ചെയ്യുന്നവർ പിന്തിരിയണമെന്നും രാഹുൽ അഭ്യർഥിച്ചു. ആളുകളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും ഭീരുക്കളുടെ ലക്ഷണമാണ്, കരുത്തരുടേതല്ലെന്നും രാഹുൽ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
കഴിഞ്ഞ മോദി മന്ത്രിസഭയിൽ വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി ഈ ആഴ്‌ച ആദ്യം തന്നെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസിൻ്റെ കിശോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണ് സ്‌മൃതി ഇറാനി പരാജയപ്പെട്ടത്.