പൊലീസ് അന്വേഷണത്തെ ഭയക്കുന്നില്ലന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: ഹോട്ടല്‍ മുറിയിലെ പൊലീസിന്റെ പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഭയക്കുന്നില്ലന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസ് കേസെടുത്താല്‍ അതും തനിക്ക് അനുകൂലമാകുമെന്ന് രാഹുല്‍ പറഞ്ഞു.സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്തണം. എന്നാല്‍, അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കണം. അന്വേഷണം നീട്ടിക്കൊണ്ട് പോയി തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള നീക്കം നടക്കില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പാതിരാ റെയ്ഡിലെ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കപ്പെട്ടു. ഈ വിഷയത്തില്‍ സി.പി.എമ്മില്‍ തന്നെ രണ്ട് അഭിപ്രായമാണ്. സി.പി.എമ്മിലെ രണ്ട് നേതാക്കളും ഒന്നോ രണ്ടോ മാധ്യമപ്രവര്‍ത്തകരും മാത്രം ചെയ്ത ഗൂഢാലോചനയെന്ന് തെളിഞ്ഞു കഴിഞ്ഞു.ഈ വിവാദങ്ങളൊന്നും ജനങ്ങളെ ബാധിക്കില്ല. താന്‍ ഏത് കടയില്‍ നിന്ന് ഷര്‍ട്ട് വാങ്ങി എന്നൊക്കയാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ മൊഴി. ഗൗരവമുള്ള മൊഴിയാണ് അദ്ദേഹം കൊടുക്കേണ്ടത്. ഈ കേസിന്റെ ആയുസ് 23-ാം തീയതി വരെയാണ്. തൃക്കാക്കരയില്‍ അശ്ലീല വിഡിയോ വി.ഡി സതീശന്‍ നിര്‍മിച്ചെന്ന ആരോപണം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അവസാനിച്ചു.
ഓരോ തെരഞ്ഞെടുപ്പിലും ഓരോ സാധനമുണ്ടെന്നും ഈ തെരഞ്ഞെടുപ്പിലെ സാധനം ട്രോളിയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. വാഹനം മാറി കയറിയെന്നത് യാഥാര്‍ഥ്യമാണ്. പാലക്കാട്ടെ മുന്‍ എം.എല്‍.എയുടെ വാഹനത്തിലാണ് കയറിയത്. പൊതു റോഡിലാണ് ഈ കാര്യങ്ങളെല്ലാം നടക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.