രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും നിയമസഭയിലേക്ക്; എം എൽ എമാരായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞടുപ്പിൽ വിജയിച്ച യുഡഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട യു ആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു. ആദ്യം സത്യപ്രതിജ്ഞ ചെയ്ത യു ആർ പ്രദീപ് സഗൗരവവും രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ശങ്കരനാരായണൻ തമ്പി ഹാളിൽവെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ സജി ചെറിയാൻ, ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, പി പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. രാഹുലിന്റേയും പ്രദീപിന്റേയും കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. യു ആര്‍ പ്രദീപ് രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ കന്നി വിജയമാണിത്.
പാലക്കാട് 18724 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജയം. ചേലക്കരയിൽ 12201 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ആർ പ്രദീപ് നിയമസഭയിലേക്കെത്തുന്നത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറിയത്. അതെസമയം രാഹുലിന് വൻ സ്വീകരണമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരുക്കുന്നത്. ചേലക്കരയിൽ എംഎൽഎ കെ രാധാകൃഷ്ണനും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.