For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബെം​ഗളൂർ ബസ്റ്റാന്റിൽ വന്നത് സൂപ്പർ സ്റ്റാറല്ല, പഴയ കണ്ടക്റ്റർ ശിവാജി റാവു

06:20 AM Aug 30, 2023 IST | ലേഖകന്‍
ബെം​ഗളൂർ ബസ്റ്റാന്റിൽ വന്നത് സൂപ്പർ സ്റ്റാറല്ല  പഴയ കണ്ടക്റ്റർ ശിവാജി റാവു
Advertisement

ബെം​ഗളൂർ: കണ്ടതു വിശ്വസിക്കാനാവാതെ കണ്ടക്റ്റർമാർ അത്ഭുതപ്പെട്ടു. എന്താണു പറയേണ്ടതെന്നറിയാതെ അവർ വീർപ്പ് മുട്ടി. പേടിയും മൗനവും ഭേദിക്കാൻ അദ്ദാഹം തന്നെ മുൻകൈ എടുത്തു. ഞാൻ രജനീകാന്ത്. വർഷങ്ങൾക്കു മുൻപ് ഞാനും ഇവിടെ കണ്ടക്റ്ററായിരുന്നു. ആളെ പരിചയപ്പെട്ടതോടെ അവിടം ഉത്സവപ്പറമ്പാകുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയിൽ ഇന്നലെ അപ്രതീക്ഷിത സന്ദർശനം നടത്തി സൂപ്പർസ്റ്റാർ രജനികാന്ത്.
ബെംഗളൂരുവിലെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡിപ്പോയിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഡിപ്പോയിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ഹെൽപ്പർമാർ എന്നിവരുമായി വിശേഷങ്ങൾ പങ്കിട്ട താരം അവർക്കൊപ്പം ഒരുമിച്ച്‌ ഫൊട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. ബെംഗളൂരുവിൽ ജനിച്ച രജനികാന്ത് സിനിമയിൽ എത്തുന്നതിന് മുൻപ് ബസ് കണ്ടക്ടറായും അതിനും മുൻ‌പ് മറ്റ് പല ജോലികളും ചെയ്തിട്ടുണ്ട്.
കർണ്ണാടക-തമിഴ്‌നാട് അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് കുടുംബം ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സിൽ അമ്മ റാംബായി മരിച്ചു.
ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തിൽ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടിൽ നിന്നും പണം മോഷ്ടിച്ച് സിനിമകൾ കാണുന്ന പതിവും തുടങ്ങിയിരുന്നു. ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോൺസ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി കോളേജിൽ പ്രവേശനം നേടണമെന്ന പിതാവിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസിൽ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികൾ ചെയ്തു പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവിൽ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീർന്നപ്പോൾ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വരേണ്ടി വന്നു.
ഒരു സ്ഥിരം തൊഴിൽ ലഭിച്ചാൽ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയിൽ മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയ്യെടുത്ത് കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി വാങ്ങി നൽകി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ വന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്ന മോഹം ഉള്ളിൽ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാൻ സുഹൃത്തായ രാജ് ബഹാദൂർ സ്നേഹപൂർവ്വം നിർബന്ധിച്ചു. 1973-ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ടു വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂർ ശ്രദ്ധിച്ചിരുന്നു.
1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജിനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളർച്ചക്ക് ഊർജ്ജം പകർന്ന സംവിധായകൻ എസ്.പി. മുത്തുരാമനാണ്. മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജിനിയെ ശ്രദ്ധേയനാക്കി.

Advertisement

ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും(1978) തമിഴ് സിനിമയിൽ രജിനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ (1977) ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷമായിരുന്നു രജിനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവർഗൾ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പിന്നീടാണ് സ്റ്റാറായും സൂപ്പർ സ്റ്റാറായും മെ​ഗാസ്റ്റാറായും രജനി വളർന്നത്. ബോളിവുഡിൽ വരെ എത്തി നിൽക്കുന്ന ഇന്ത്യൻ അഭിനയ വിസ്മയങ്ങളിലൊരാളാണ് രജനീ കാന്ത്.

Author Image

ലേഖകന്‍

View all posts

Advertisement

.