For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രാംദേവ്: കാവിയിൽ പൊതിഞ്ഞ കാപട്യം; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

10:14 AM Apr 12, 2024 IST | admin_editor
രാംദേവ്  കാവിയിൽ പൊതിഞ്ഞ കാപട്യം  ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
Advertisement
Advertisement

കോർപ്പറേറ്റ് സന്ന്യാസിയും യോഗ ഗുരുവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മമിത്രവുമായ ബാബ രാംദേവിന്റെ തട്ടിപ്പുകൾക്കെതിരെ സുപ്രീംകോടതി സ്വീകരിച്ച നിലപാടുകൾ കാവിക്കുള്ളിലെ കാപട്യങ്ങളെയാണ് അനാവരണം ചെയ്യുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് രാംദേവും പതഞ്ജലി മാനേജിങ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണയും കുരുക്കിലാകുന്നത്. ഇവർ നൽകിയ രണ്ടാമത്തെ മാപ്പപേക്ഷയും സുപ്രീംകോടതി തള്ളിയതോടെയാണ് ഗുരു-ആചാര്യ തട്ടിപ്പ് കൂട്ടുകെട്ട് പ്രതിസന്ധിയിലാകുന്നത്. മനഃപൂർവമായ നിയമലംഘനമാണ് ഇവർ നടത്തിയതെന്നും ശിക്ഷ അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂവെന്നും കോടതി മുന്നറിയിപ്പ് നൽകുകയുണ്ടായി. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ മാപ്പപേക്ഷയിലെ വാക്കുകളും അതിലെ ആത്മാർത്ഥതയും അപര്യാപ്തമാണെന്നും വാക്കുകൾ കടലാസിൽ എഴുതിവെച്ചാൽ പോരെന്നും പ്രവൃത്തിയിലൂടെ അത് തെളിയിക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.

കോവിഡ് കാലത്ത് അലോപ്പതി മരുന്നുകളെപ്പറ്റി വ്യാജവസ്തുതകളുള്ള പരസ്യങ്ങളും പതഞ്ജലിയെക്കുറിച്ച് അവാസ്തവങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്വീകരിച്ച നിയമ നടപടികളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാത്തതിന്റെ പേരിലാണ് രാംദേവിന്റെയും ബാലകൃഷ്ണയുടെയും പേരിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചത്. അതുപോലും പാലിക്കാതെ മാപ്പുപറഞ്ഞ് രക്ഷപ്പെടാനായിരുന്നു ഇരുവരും ശ്രമിച്ചിരുന്നത്. കോടതി നടപടികളിൽ നിന്ന് രക്ഷയില്ലായെന്ന് വ്യക്തമായതോടെ ഇരുവരും അതീവ താഴ്മയോടെ കോടതിക്ക് മുന്നിൽ കേണപേക്ഷിക്കുകയായിരുന്നു. ഇവർ സമർപ്പിച്ച മാപ്പപേക്ഷയിൽപോലും നിരവധി വ്യാജ വിവരങ്ങൾ കോടതി കണ്ടെത്തുകയായിരുന്നു.

ഇതിനിടയിൽ പതഞ്ജലിക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അവർ നിർമിക്കുന്ന ഉത്പന്നങ്ങൾക്കും എതിരെ നിരവധി പരാതികളുയർന്നിരുന്നു. കോവിഡ് മഹാമാരിയെ ചൂഷണം ചെയ്തും വർഗീയ വിഭജനത്തിലൂടെയും ഉത്പന്നങ്ങളുടെ പ്രചാരണം വർധിപ്പിക്കാനുള്ള പരസ്യങ്ങൾ പതഞ്ജലി നടത്തിയതിന്റെ വ്യക്തമായ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. കോടതി വിമർശനത്തെ തുടർന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയം സത്യവാങ്മൂലം നൽകിയത്. പതഞ്ജലിയുടെ സഹോദര സ്ഥാപനമായ ദിവ്യ ഫാർമസിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിൽ ലൈസൻസിങ് അധികൃതർ വീഴ്ചവരുത്തിയതായി കോടതി വിമർശിക്കുകയുണ്ടായി. ആളുകൾ തെറ്റ് വരുത്താറുണ്ടെന്നും അത് സ്വാഭാവികമാണെന്നുമുള്ള രാംദേവിന്റെ അഭിഭാഷകന്റെ വാദം സുപ്രീംകോടതി പുച്ഛത്തോടെ നിരാകരിക്കുകയായിരുന്നു. അതിന് പ്രത്യാഘാതമുണ്ടാകുമെന്നും കേസിൽ ഉദാരമായ സമീപനം പ്രതീക്ഷിക്കേണ്ടെന്നും കോടതി പറഞ്ഞു. മാപ്പപേക്ഷ ആദ്യം കോടതിയിൽ സമർപ്പിക്കുന്നതിന് പകരം മാധ്യമങ്ങൾക്ക് വിതരണം ചെയ്ത നടപടി കോടതിയെ നീരസപ്പെടുത്തി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇവരുടെ ശ്രമമെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഏതായാലും കോടതിയിൽ നിന്ന് ഇനി രാംദേവ് കാരുണ്യം പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നാണ് തോന്നുന്നത്.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിക്കെതിരെ അണ്ണാഹസാരെയുമായ് ചേർന്ന് പ്രക്ഷോഭം നടത്തിയ രാംദേവ് 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ യോഗ ഗുരു എന്ന മേൽവിലാസത്തിൽ മോദിയുടെ വിശ്വസ്തനായി. യോഗയ്ക്ക് പുറമെ ഔഷധ നിർമാണവും ഭക്ഷണ പദാർത്ഥ നിർമാണവും സൗന്ദര്യവർധക ഉത്പന്നങ്ങളുടെ ഉത്പാദനവും വഴി സഹസ്ര കോടികളുടെ അധിപനായി. അംബാനിയും അദാനിയും കഴിഞ്ഞാൽ മോദി സർക്കാരിനെ ഉപയോഗപ്പെടുത്തി റോക്കറ്റ് വേഗത്തിൽ വ്യവസായം വളർത്തിയെടുത്ത ബാബാ രാംദേവിന്റെ എല്ലാ പ്രവർത്തനങ്ങളും കാപട്യം നിറഞ്ഞതായിരുന്നു. മോദി ഭരണത്തെ ഉപയോഗപ്പെടുത്തിയതുപോലെ പരിശുദ്ധമായ കാഷായ വസ്ത്രത്തെയും യോഗയെയും ഇയാൾ ദുരുപയോഗം ചെയ്തു. ശാസ്ത്രീയ ചികിത്സാരീതികളിലും ഔഷധങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസം നശിപ്പിക്കുവാൻ രാംദേവും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും ശ്രമിക്കുകയുണ്ടായി. കോടതികൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇത്തരം കപട സന്ന്യാസിമാർ രാജ്യത്തെ ചികിത്സാ സമ്പ്രദായം അട്ടിമറിക്കുമായിരുന്നു.

admin_editor

View all posts

Advertisement

.