ബലാത്സംഗക്കേസ്; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
കൊച്ചി: ബലാല്‍സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തീരദേശ പോലീസിന്‍റെ ആസ്ഥാന ഓഫീസിലാണ് എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുന്നത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ചോദ്യം ചെയ്യുന്നത്. മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുകേഷിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് തുടർനടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.
നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ മുകേഷ് കയറി പിടിച്ചുവെന്ന നടിയുടെ മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയതിന്‍റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയുകയായിരുന്നു. ഓഗസ്റ്റ് 28നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്.