Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വെൽഫെയർ പാർട്ടി നിലപാടിനുള്ള അംഗീകാരം : റസാഖ് പാലേരി

03:37 PM Nov 26, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വെൽഫെയർ പാർട്ടി മുന്നോട്ട് വെച്ച നയനിലപാടുകൾക്കുള്ള അംഗീകാരമാണ്. സംഘ്പരിവാറിന് കൂടുതൽ സ്വാധീനമുണ്ടായിരുന്ന പാലക്കാട് ബി ജെ പി പരാജയപ്പെടണം, ഇടതു സർക്കാർ തുടർന്നു കൊണ്ടിരിക്കുന്ന സംഘ്പരിവാർ പ്രീണനനയങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകണം എന്നതായിരുന്നു വെൽഫെയർ പാർട്ടി മുന്നോട്ട് വെച്ച സുപ്രധാന തെരഞ്ഞെടുപ്പ് സമീപനം. അതോടൊപ്പം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിന് ശക്തമായ താക്കീതായി കൂടി തെരഞ്ഞെടുപ്പ് ഫലം മാറണമെന്നും പാർട്ടി ആഹ്വാനം ചെയ്തിരുന്നു. ഈ നയങ്ങൾ വിജയിപ്പിക്കാൻ താഴെ തട്ടിൽ നടത്തിയ സൂക്ഷ്മമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയം കണ്ടിരിക്കുന്നു എന്നത് സന്തോഷകരമാണ് എന്നും വാർത്ത സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

Advertisement

പാലക്കാട് സി പി എമ്മും ബി ജെ പി യും ഒരേ പോലെ നടത്തിയ ധ്രുവീകരണ ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. മുനമ്പം വിഷയം മുതലെടുത്തു കൊണ്ട് വർഗീയ ധ്രുവീകരണ ശ്രമങ്ങൾ നടത്താനായിരുന്നു ബി ജെ പി കിണഞ്ഞു പരിശ്രമിച്ചിരുന്നത്. ബി ജെ പി യെ ജനങ്ങൾ തിരസ്കരിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രം പാലക്കാട് തരുന്നുണ്ട്. ശക്തികേന്ദ്രമായി കരുതപ്പെട്ടിരുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലടക്കം, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ബി ജെ പി ക്കെതിരിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത് ശുഭോദർക്കമാണ്. മുസ്‌ലിം മാനേജ്‌മെന്റുകൾക്ക് കീഴിലെ ചില പത്രങ്ങളിൽ പച്ചയായ വർഗീയത വെളിവാക്കിയ പരസ്യങ്ങൾ നൽകി ബി ജെ പി യോടൊപ്പം മത്സരിക്കാനാണ് സി പി എം ശ്രമിച്ചത്. സി പി എമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നീചമായ പ്രചാരണങ്ങളാണ് ഇത്തവണ പാലക്കാട്‌ കണ്ടത്. സി പി എമ്മിന്റെയും ബി ജെ പി യുടെയും ഈ ധ്രുവീകരണ ശ്രമങ്ങളെ തള്ളിക്കളഞ്ഞ പ്രബുദ്ധമായ ജനവിധിയാണ് പാലക്കാട്‌ ഉണ്ടായിരിക്കുന്നത്.

ചേലക്കരയിലും എൽ ഡി എഫിനെതിരായ ഭരണ വിരുദ്ധ വികാരം പ്രകടമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എം നേടിയ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞത് അതിന് തെളിവാണ്. വയനാട്ടിലും എൽ ഡി എഫ് - ബി ജെ പി സ്ഥാനാർഥികളുടെ വോട്ട് നിലയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്ന നിലയിലാണ് പുറത്തു വന്നിരിക്കുന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാത്തതിന്റെ പ്രതിഫലനമാണ് മഹാരാഷ്ട്രയിൽ കാണുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ സംഘ്പരിവാറിനെതിരിൽ ഇന്ത്യ മുന്നണി രൂപപ്പെടുത്തിയ വിശാലമായ രാഷ്ട്രീയ നീക്കങ്ങൾ ദുർബലപ്പെട്ടു കൊണ്ടിരിക്കുകയാണ്. കൃത്യമായ സംഘ്വിരുദ്ധ രാഷ്ട്രീയ നിലപാടുകൾക്ക് മുൻഗണന നൽകുന്നതിന് പകരം പ്രാദേശികമായ താല്പര്യങ്ങൾക്കും വ്യക്തിതാല്പര്യങ്ങൾക്കും മറ്റും മുൻഗണന നൽകി രാഷ്ട്രീയ മുന്നേറ്റങ്ങൾ ദുർബലമാകുന്ന അനുഭവം മഹാരാഷ്ട്രയിലും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്.

വാർത്ത സമ്മേളനത്തിൽ പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് ഖലീൽ പാലോട്,ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി,ബത്ഹ ഏരിയ സെക്രട്ടറി അഫ്സൽ ഹുസൈൻ എന്നിവർ പങ്കെടുത്തു.

Advertisement
Next Article