ആർഎസ്എസ് കൂടിക്കാഴ്ച; ഉടൻ നടപടിയില്ല, എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിവാദം എൽഡിഎഫിൽ വിവാദമായിട്ടും എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉടൻ നടപടി ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.
എകെജി സെന്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിൽ വിഷയം അജണ്ടയിൽ വെച്ച് ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ആർഎസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐയും എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു. എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് എൽഡിഎഫ് യോഗത്തിൽ ഘടക കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടെങ്കിലും കുലുങ്ങാതെ മുഖ്യമന്ത്രി പ്രതിരോധം തീർത്തു. ബിനോയ് വിശ്വം, വർഗീസ് ജോര്‍ജ്, പി സി ചാക്കോ എന്നിവർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ചെങ്കിലും എഡിജിപി മാറ്റാൻ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം തീരട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്.