സംസ്ഥാനത്ത് തുരുമ്പെടുക്കുന്ന 'തൊണ്ടി' വാഹനങ്ങള്‍ പെരുകുന്നു: കൂടുതല്‍ തൃശ്ശൂര്‍ ജില്ലയില്‍
നീതു പൊന്നപ്പന്‍
കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ 'തൊണ്ടി' വാഹനങ്ങള്‍ കുന്നുകൂടുന്നു. വിവിധ സ്റ്റേഷനുകളിലായി 28,557 വാഹനങ്ങളാണ് നിലവില്‍ സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍ സ്ഥലപരിമിതിയുള്ളതിനാല്‍ സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളും നിലവിലുണ്ട്. കോടികള്‍ വില വരുന്ന വാഹനങ്ങളാണ് തുരുമ്പെടുത്ത് പലയിടങ്ങളിലായി നശിക്കുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ മാത്രമല്ല റോഡിന്റെ വശങ്ങളിലും കാട് കയറിയും തുരുമ്പ് പിടിച്ചും ദ്രവിച്ച് കിടക്കുന്നത് എണ്ണിയാലൊടുങ്ങാത്തവ. ഇതിനു പുറമേ റെയില്‍വേ സ്റ്റേഷനുകളിലുമുണ്ട്. കാര്‍, സ്‌കൂട്ടര്‍, ടെമ്പോ ട്രാവലര്‍, ഓട്ടോ തുടങ്ങി നിരവധി വാഹനങ്ങളാണ് അനാഥമായി കിടക്കുന്നത്.
കേസുകളില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്കു പുറമേ അപകടങ്ങളില്‍പ്പെട്ട വാഹനങ്ങളും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കി വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരങ്ങളില്‍ നിന്ന് മാറ്റണമെന്നും, ഇവ ലേലം ചെയ്ത് സര്‍ക്കാരിലേയ്ക്ക് മുതല്‍ എത്തിക്കണമെന്ന ആവശ്യവും ശക്തമാണ്. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നശിക്കാനിടവരുത്താതെ വേഗത്തില്‍ വിട്ടുനല്‍കണമെന്ന് ഡി.ജി.പി. ഉത്തരവിട്ടിരുന്നു. വാഹനം പിടിച്ചെടുത്താല്‍ രണ്ടാഴ്ചയ്ക്കകം ഫോട്ടോയെടുത്ത് ബന്ധപ്പെട്ടവരെക്കണ്ട് നടപടി പൂര്‍ത്തിയാക്കി കോടതിമുമ്പാകെ എത്തിക്കണമെന്നാണ് നിര്‍ദേശം. കോടതി പ്രത്യേകമായി നിര്‍ദേശിക്കാത്തപക്ഷം പിടിച്ചെടുത്ത വാഹനങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതില്ല. വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ രണ്ടുമാസത്തിനകം വിട്ടുകൊടുത്തിരിക്കണം. ലേലത്തില്‍ വില്‍ക്കാനാണ് കോടതി നിര്‍ദേശിക്കുന്നതെങ്കില്‍ രണ്ടാഴ്ചയ്ക്കകം നടപടി തുടങ്ങി ആറുമാസത്തിനകം പൂര്‍ത്തിയാക്കണം.
അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങളില്‍ കസ്റ്റഡി ആവശ്യമില്ലാത്തവയ്ക്ക് മഹസര്‍ തയ്യാറാക്കി രസീത് വാങ്ങി വിട്ടു കൊടുക്കും. തുടര്‍ നടപടികള്‍ ആവശ്യമുള്ളവ കോടതി വഴിയാണ് നല്‍കുന്നത്. പോലീസിന്റെ കണക്ക് പ്രകാരം തൃശൂര്‍ ജില്ലയിലാണ് ഇത്തരത്തിലുള്ള തൊണ്ടി വാഹനങ്ങള്‍ കൂടുതല്‍ ഉള്ളത്. 3543. ഇതില്‍ 2184 എണ്ണം തൃശൂര്‍ സിറ്റി പരിധിയിലും 1359 എണ്ണം റൂറലിലുമാണ്. തിരുവനന്തപുരത്ത് 3454, കൊല്ലം 3030, കോഴിക്കോട് 2837, എറണാകുളം 2234, പത്തനംതിട്ട 908, ആലപ്പുഴ 1277, കോട്ടയം 1927, ഇടുക്കി 817, പാലക്കാട് 2496, മലപ്പുറം 2445, വയനാട് 509, കണ്ണൂര്‍ 1291, കാസര്‍ഗോഡ് 1789, റെയില്‍വേ 9 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിളും റെയില്‍വേയിലുമായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളും എണ്ണം.
പോലീസ് കസ്റ്റഡിയില്‍ 10 വര്‍ഷം കഴിഞ്ഞാല്‍ വാഹനത്തിന് ഇരുമ്പ് വില മാത്രമാണ് കണക്കാക്കുക. ആദ്യലേലത്തില്‍ ആരുമില്ലെങ്കില്‍ 10 ശതമാനം കുറച്ച് വീണ്ടും ലേലം ചെയ്യണം. രണ്ടാമത്തേതിനും ആരും വന്നില്ലെങ്കില്‍ ഇരുമ്പുവിലയ്ക്ക് വില്‍ക്കാം. ഉടമസ്ഥനില്ലാതെ പൊതുവഴിയിലും മറ്റും കാണുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്താല്‍ കേസ് ജില്ലാ പോലീസ് മേധാവിയുടെയോ കമ്മിഷ്ണറുടെയോ മുന്‍പാകെ എത്തിക്കണം. അവകാശികള്‍ക്കായി പരസ്യം ചെയ്യണം. മൂന്നു മാസത്തിനകം അവകാശി എത്തിയാല്‍ തിരിച്ചു നല്‍കണമെന്നാണ് നിയമം.