ശബരിമല നാഥനില്ലാ കളരിയെന്നു പ്രതിപക്ഷ നേതാവ്,
എല്ലാ തെരഞ്ഞെടുപ്പും വിജയിപ്പിച്ച വോട്ടർമാർക്കു നന്ദി
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയെ പിണറായി വിജയൻ സർക്കാർ നാഥനില്ലാ കളരിയാക്കിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. വിവിധ വകുപ്പുകൾ തമ്മിലും പൊലീസും ദേവസ്വം ബോർഡും തമ്മിലും യാതൊരു ഏകോപനവും ഇല്ലാത്ത സാഹചര്യമാണ് ശബരിമലയിലുള്ളത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽപ്പോലും തർക്കമായിരുന്നു. പൊലീസ് മേധാവിയും ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥ പോലുമുണ്ടായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഈ പേക്കൂത്തെന്നും സതീശൻ പരിഹസിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഒപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി അവിടെ നടക്കുന്നത് ഒന്നും അറിയുന്നില്ലെന്ന് പറയുന്നത് എത്രമാത്രം ഗൗരവകരമായ കാര്യമാണ്. അയ്യപ്പന്മാർ സ്വയം നിയന്ത്രിക്കണമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയും വിരോധാഭാസമാണ്. ശബരിമലയിൽ ഉയരുന്ന ആക്ഷേപങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് രാഷ്‌ട്രീയ പ്രേരിതം. കഠിനമായ ശരണവഴികൾ താണ്ടിയെത്തുന്ന തീർഥാടകർ ദർശനം കിട്ടാതെ മടങ്ങുന്നത് ചരിത്രത്തിൽ ആദ്യമാണ്. അതു കണ്ടില്ലെന്നു നടിച്ചിട്ടാണ് ശബരിമലയിലെ പ്രശ്നങ്ങൾ രഷ്‌ട്രീയ പ്രേരിതമെന്നു മുഖ്യമന്ത്രി പറയുന്നത്.
തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പ് യുഡിഎഫിനു വിജയ തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഭരണകാലത്ത് നടക്കുന്ന എല്ലാ തെരെഞ്ഞെടുപ്പിനും യുഡിഎഫിനു ചരിത്ര വിജയമാണ് വോട്ടർമാർ നൽകുന്നത്. അതിന് വോട്ടന്മാരോടു നന്ദിയുണ്ടെന്നും സതീശൻ വ്യക്തമാക്കി.