മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നാളെ തുറക്കും
പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശബരിമല മേല്‍ശാന്തി പി.എന്‍. മഹേഷാണ് നട തുറക്കും. നവംബര്‍ മാസത്തിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി.
നാളെ പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും ഭക്തര്‍ക്ക് ദര്‍ശനവും മാത്രമേ ഉണ്ടാകു. പൂജകള്‍ ഇല്ല. പുതിയ മേല്‍ശാന്തിമാരായ എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്ക് നടക്കും. ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെ അഭിഷേകമാണ് നടക്കുന്നത്.
70,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും 10,000 പേര്‍ക്ക് തത്സമയ ബുക്കിങ്ങുമടക്കം 80,000 പേര്‍ക്ക് പ്രതിദിന ദര്‍ശന സൗകര്യമൊരുക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് തത്സമയ ബുക്കിങ്ങിനുള്ള അവസരമുള്ളത്. ആധാര്‍ രേഖകള്‍ നല്‍കിയാണ് തത്സമയ ബുക്കിങ് നടത്തേണ്ടത്. ആധാര്‍ ഇല്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ.ഡിയോ കരുതണം.
പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചക്ക് ഒരുമണിവരെയും ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം. കഴിഞ്ഞ വര്‍ഷം 16 മണിക്കൂറായിരുന്നത് ഇക്കുറി 18 മണിക്കൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. തീര്‍ഥാടകരുണ്ടെങ്കില്‍ നടയടക്കുന്ന സമയം അരമണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കും.