കരസേന മെഡിക്കല്‍ സർവീസസിലെ ആദ്യ വനിത ഡയറക്ടർ ജനറലായി സാധന സക്സേന നായർ
ന്യൂഡൽഹി: കരസേന മെഡിക്കൽ സർവീസസിലെ ആദ്യ വനിതാ ഡയറക്ടർ ജനറലായി ലെഫ്. ജനറൽ സാധന സക്സേന നായർ ചുമതലയേറ്റു. വ്യാഴാഴ്ച ലഫ്റ്റനന്റ് ജനറൽ സാധന സക്സേന പുതിയ ചുമതല ഏറ്റെടുത്തു. ലിംഗ സമത്വം ഉറപ്പിക്കുന്നതിനായുള്ള കരസേനയുടെ നീക്കങ്ങൾക്ക് അടിവരയിടുന്നതാണ് നടപടി.
1986 -ലാണ് സാധന വ്യോമസേനയിൽ ചേരുന്നത്. ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ആയിട്ടായിരുന്നു വ്യോമസേനയിലെ ആദ്യ നിയമനം. മികച്ച സേവനത്തിനുള്ള വിശിഷ്ട സേവ മെഡൽ നേടിയ വ്യക്തി കൂടിയാണ് സാധന സക്സേന. എയർ മാർഷൽ പദവിയിലേക്ക് എത്തിയ രണ്ടാമത്തെ വനിത കൂടിയാണ് സാധന സക്സേന. ഉത്തർപ്രദേശുകാരിയായ സാധന സക്സേനയുടെ അച്ഛനും സഹോദരനും വ്യോമസേനയിൽ ഡോക്ടർമാരായിരുന്നു. എയർ മാർഷലായി വിരമിച്ച പാലക്കാട് ഒറ്റപ്പാലം വാണിയംകുളം സ്വദേശി റിട്ട. എയർ മാർഷൽ കെ.പി. നായരാണ് സാധന സക്സേനയുടെ ഭർത്താവ്. വ്യോമസേനയിലെ ആദ്യ എയർമാർഷൽ ദമ്പതിമാരാണ് സാധന സക്‌സേനയും കെ.പി.നായരും.