മസിൽ പ്രദർശനം മനക്കരുത്തിന്റെ പ്രതീകമായി കണ്ടാൽ മതി: സഞ്ജു സാംസൺ
തിരുവനന്തപുരം: ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് മിന്നും ജയം സമ്മാനിച്ച ശേഷം ആദ്യമായി നാട്ടിലെത്തിയ സഞ്ജു സാംസൺ ഇന്നലെ തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് മുന്നിലെത്തി. ജീവിതത്തില്‍ പല വെല്ലുവിളികളും ഉണ്ടായാലും അത് തരണംചെയ്യാനുള്ള മനക്കരുത്തുണ്ടെന്നാണ് മസില് കാണിച്ചുള്ള സന്തോഷപ്രകടനം കൊണ്ട് ഉദ്ദേശിച്ചത്. അല്ലാതെ എനിക്ക് അങ്ങനെ കാണിക്കാനുള്ള മസിലൊന്നുമില്ലെന്ന് സഞ്ജു അന്നത്തെ സന്തോഷ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യത്തെ രണ്ട് മൂന്ന് ഓവര്‍ ടെന്‍ഷനുണ്ടായിരുന്നു. കളിച്ചുതുടങ്ങിയപ്പോള്‍ അത് മാറിയെന്നും സഞ്ജു സാംസൺ പറഞ്ഞു.
''ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഓപ്പണറായി കളിക്കണമെന്നും മൂന്നു മത്സരവും കളിക്കേണ്ടിവരുമെന്നും നേരത്തെ അറിയിച്ചിരുന്നു. അതിനു വേണ്ട മുന്നൊരുക്കം നടത്തി. ദുലീപ് ട്രോഫിയിലെ സെഞ്ച്വറി ആത്മവിശ്വാസം നല്‍കി. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാമ്പിലും പരിശീലനം നടത്തി. ഒന്നാം നമ്പർ മുതൽ ആറാം നമ്പർവരെ കളിക്കാനുള്ള സ്‌കില്‍ തന്റെ ബാറ്റിങ്ങില്‍ ഉണ്ടെന്ന് തനിക്ക് വിശ്വാസമുണ്ട്. രഞ്ജി ട്രോഫിയില്‍ ഇനി എവിടെ കളിക്കണമെന്നത് ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും സഞ്ജു പറഞ്ഞു.
"ഞാനും സൂര്യയും നേരത്തെ ബന്ധമുണ്ട്. സൂര്യയ്‌ക്കൊപ്പം ഒരുമിച്ച് ജോലിചെയ്തു, ഒരുമിച്ച് കളിച്ചു. സൂര്യ സൂര്യകുമാര്‍ യാദവ് ആയി വളര്‍ന്നത് ഞാന്‍ കണ്ടതാണ്. അദ്ദേഹത്തിന്റെ ആശയവിനിമയ പാടവവും ടീമിനെ നയിക്കാനുള്ള കഴിവും എടുത്തുപറയേണ്ടതാണ്. സെഞ്ച്വറി അടിച്ചശേഷം സൂര്യയുടെ സെലിബ്രേഷന്‍ എന്നെ കുറച്ചുകൂടെ ഹാപ്പിയാക്കി" -സഞ്ജു പറഞ്ഞു.
"ഗൗതം ഭായില്‍നിന്ന് നല്ല പിന്തുണ ലഭിച്ചു. അദ്ദേഹത്തിന്റെ ആശയവിനിമയ പാടവവും എടുത്തുപറയേണ്ടതാണ്. നീ നന്നായി കളിക്കുന്ന താരമാണ്, എല്ലാ സപ്പോര്‍ട്ടും ഉണ്ടെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. അങ്ങനെയൊരു പിന്തുണ കോച്ചില്‍നിന്ന് കിട്ടുന്നത് നല്ലതായിതോന്നി" -സഞ്ജു വ്യക്തമാക്കി.