റിയാദ് റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നാളെ കലാശ പോരാട്ടം
സൗദിയിൽ ആദ്യമായി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിന്റെ കൈലാശ പോരാട്ടം. ഒരു വേദിയിൽ 2 ഫൈനലുകൾ ...വൈകീട്ട് അഞ്ചര മുതൽ കലാ പരിപാടികൾ
റിയാദ് : സൗദി കെ.എം.സി.സി സി ഹാശിം മെമ്മോറിയൽ നാഷണൽ സോക്കർ കലാശപ്പോരാട്ടം ആഗസ്റ്റ് 30 വെള്ളിയാഴ്ച രാത്രി 7.30 റിയാദ് നസ്‌റിയ റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ അരങ്ങേറും. മുഖ്യാതിഥികളായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. ഹാരിസ് ബീരാൻ എം.പി എന്നിവർ പങ്കെടുക്കും .
കലാശപ്പോരാട്ടത്തിൽ ജിദ്ദ ചാംസ് സബീൻ എഫ്.സിയും ദമ്മാം ഫസഫിക് ലൊജിസ്റ്റിക് ബദർ എഫ്.സിയുമായി മാറ്റുരക്കും. സൗദിയിൽ ആദ്യമായാണ് ദേശീയ തലത്തിൽ ഇത്തരത്തിലൊരു മേള സംഘടിപ്പിക്കുന്നത്. ഇരു ടീമുകളിലുമായി സന്തോഷ് ട്രോഫി, ഐ ലീഗ് താരങ്ങൾ ബൂട്ട് കെട്ടും.
മൽസരം വീക്ഷിക്കുന്നതിനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫൈനലിനോടുബന്ധിച്ച് കാണികൾക്കായി നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ ഉൾപ്പടെ നിരവധി സമ്മാനങ്ങളും നൽകും.
റിയാദ് പാലക്കാട് ജില്ലാ കെ.എം.സി.സി ഫുട്‌ബോളിന്റെ ഫൈനൽ മൽസരവും ഒരേ ഗ്രൗണ്ടിൽ അരങ്ങേറുക വഴി റിയാദിൽ ആദ്യമായി രണ്ട് ഫൈനൽ എന്ന അപൂർവ്വ കലാശപ്പോരിനും വേദിയാകും. റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സൗദി അമ്പയർമാർ മൽസരം നിയന്ത്രിക്കും.
സമാപനത്തോടനുബന്ധിച്ച് വൈകീട്ട് അഞ്ചര മുതൽ മാർച്ച്പാസ്റ്റ്, ഒപ്പന, മുട്ടിപ്പാട്ട്, കോൽക്കളി, നാസിക് ദോൾ, ശിങ്കാരി മേളം, പുലിക്കളി തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറും എന്ന് കെ എം സി സി പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കെ.എം.സി.സി ദേശീയ നേതാക്കളും വിവിധ പ്രവിശ്യ ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകും . പത്ര സമ്മേളനത്തിൽ മുജീബ് ഉപ്പട , സി പി മുസ്തഫ, വി കെ മുഹമ്മദ്, ഉസ്മാൻ അലി പാലത്തിങ്കൽ, അഷ്‌റഫ് കൽപകഞ്ചേരി, മൊയ്‌ദീൻ കുട്ടി കോട്ടക്കൽ എന്നിവർ പങ്കെടുത്തു.