തട്ടിപ്പുകാർ കുടുങ്ങും; ഇനി 'ശുഭയാത്ര'; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു
ഇന്ന് എല്ലാ മേഖലകളിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ തട്ടിപ്പുകൾ കാലത്തിന്റെ മാറ്റങ്ങളോടെ സജീവമായി നടക്കുന്നുണ്ട്. ഓരോ ദിവസവും ഇത്തരം തട്ടിപ്പുകളിൽ പെട്ട് ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണവും വർധിച്ചു വരികയാണ്. വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് ഒട്ടേറെ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ വിശ്വാസ്യതയുടെ കാര്യത്തിലേക്ക് വരുമ്പോൾ, മറ്റൊന്നും ചിന്തിക്കാതെ ആകർഷകമായ ജോലികളുടെ പിന്നാലെ പോകുന്നതാണ് പലപ്പോഴും തട്ടിപ്പിന് ഇരയാകുവാനുള്ള പ്രധാന കാരണം.
ഏതെങ്കിലും ഒരു സ്ഥലത്ത് ചെറിയതോതിലുള്ള റിക്രൂട്ട്മെന്റ് ഏജൻസി തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും വിവിധ ബന്ധങ്ങൾ ഉപയോഗിച്ചും ഒരേസമയം ഒട്ടേറെ ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നതാണ് പലരുടെയും രീതി. വാഗ്ദാനം ചെയ്യപ്പെടുന്ന തൊഴിൽ ലഭിക്കാതെ വരുന്നതോടെ പരാതികൾ ഉയരുമ്പോൾ, ഈ തട്ടിപ്പ് സംഘം മറ്റൊരിടത്തേക്ക് പോവുകയാണ് പതിവ്. വളരെ കുറച്ച് ആളുകൾ മാത്രമാണ് പരാതിയുമായി രംഗത്തുവരുന്നത്. ചിലർക്ക് ആകട്ടെ ഈ ഏജൻസിയെ പറ്റിയോ, നടത്തിപ്പുകാരെ പറ്റിയോ വലിയ ധാരണകൾ ഉണ്ടായിരിക്കില്ല. ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രം നടന്ന തട്ടിപ്പുകൾ, കടൽ കടന്ന് യൂറോപ്പിലേക്കും ഇപ്പോൾ വ്യാപിച്ചിരിക്കുകയാണ്. വിദേശങ്ങളിലേക്കുള്ള തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പലപ്പോഴും എങ്ങനെ നേരിടാം, പരാതി നൽകാം എന്നത് സംബന്ധിച്ചാണ് പലർക്കും സംശയങ്ങൾ ഉള്ളത്. ഇതിനായി 'ശുഭയാത്ര' എന്ന പേരിൽ പുതിയൊരു പദ്ധതി തന്നെ സർക്കാർ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണ്.
വിസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ടസ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ് എന്നിവരുടെ സംയുക്ത യോഗം മുൻപ് വിളിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഓപ്പറേഷന്‍ ശുഭയാത്ര നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. റിക്രൂട്ടമെന്റ് തട്ടിപ്പു പരാതികള്‍ കൂടുതലുളള വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികള്‍ (ഹോട്ട് സ്പോട്ടുകള്‍) കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും യോഗം തീരുമാനിച്ചു. ഇതോടൊപ്പം വീസാ തട്ടിപ്പുകള്‍ക്കെതിരെയുളള പ്രചരണ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ വഴി വിപുലീകരിക്കാനും ഹോട്ട് സ്പോട്ടുകളില്‍ പ്രത്യേകം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
കൃത്യമായ സമയത്തും ആവശ്യമായ വിവരങ്ങളോടെയും പരാതിപ്പെടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ബോധവല്‍ക്കരണം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ മെയിൽ ഐഡികളും നിലവിൽവന്നു.
കേരളാ പോലീസാണ് ഇവ സജ്ജമാക്കിയിട്ടുള്ളത്. വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസിമലയാളികൾക്ക് ഇനി മുതൽ പരാതികള്‍ നേരിട്ടറിയിക്കാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും പ്രവാസികള്‍ക്ക് പരാതികള്‍ നല്‍കാം. 'ശുഭയാത്ര' സർക്കാർ വിചാരിക്കുന്നതുപോലെ കൃത്യമായി നടപ്പിലായാൽ പ്രവാസികൾക്ക് 'ശുഭയാത്ര' ലഭിക്കും എന്നതിൽ സംശയമില്ല.