സ്‌ക്കൂള്‍ ബസിന് തീപിടിച്ച സംഭവം: കേസെടുത്ത് പൊലീസ്
ആലപ്പുഴ: സ്‌ക്കൂള്‍ബസ് തീപിടിച്ച് നശിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചെങ്ങന്നൂര്‍ ആലയില്‍ ഇന്ന് പുലര്‍ച്ചെ സ്‌കൂള്‍ ബസിന് തീപിടിച്ച സംഭവത്തിലാണ് ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തത്. അപകടകാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ബസിന് രേഖകളെല്ലാമുണ്ടെന്നാണ് വിവരം. ആലപ്പുഴ ആര്‍ടിഒ ആര്‍. രമണന്‍ വാഹനത്തിന്റെ പരിശോധന നടത്തി. നാല് എംവിഡി ഉദ്യോഗസ്ഥര്‍ ബസിന്റെ വിശദപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം. ബസിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികള്‍ ഉടനെ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. ബസ് പൂര്‍ണമായും കത്തി നശിച്ചു. ആല ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്.
മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് കത്തിയത്. ആല-കോടുകുളഞ്ഞി റോഡില്‍ ആല ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതരാണ്.
മുന്‍പ് തമിഴ്‌നാട്ടിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട് ആരക്കോണത്തെ ഭാരതി ദാസന്‍ സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സേന്തമംഗലം റെയില്‍വേ ക്രോസിന് സമീപമായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം അപകടകാരണം എന്നാണ് അന്ന് പൊലീസ് അറിയിച്ചത്.
വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട ബൈക്ക് യാത്രികന്‍ ബസ് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ പുറത്തിറക്കിതിനാല്‍ വന്‍ അപകടം ഒഴിവായി. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയെങ്കിലും വാഹനത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു.