സ്കൂൾ തുറന്നു, കാരപ്പാറയിലെ വിദ്യാർത്ഥികൾ യാത്രാദുരിതത്തിൽ
കെഎസ്ആർടിസി സർവീസ് നിർത്തിയതോടെ വിദ്യാർഥികൾ സ്കൂളിൽ എത്തുന്നത് 10 കിലോമീറ്റർ കൊടുംവനത്തിലൂടെ നടന്ന്
നെല്ലിയാമ്പതി: പുതിയ അധ്യായന വർഷം ആരംഭിച്ചതോടെ വീണ്ടും യാത്രാദുരിതത്തിലായി നെല്ലിയാമ്പതി കാരപ്പാറ മേഖലയിലെ വിദ്യാർത്ഥികൾ. തോട്ടം തൊഴിലാളികള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഏക ആശ്രയമായിരുന്ന നെല്ലിയാമ്പതി-കാരപ്പാറ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് കോവിഡ് കാലഘട്ടത്തിൽ നിർത്തിയതാണ് യാത്രാ പ്രതിസന്ധിക്ക് കാരണം. ബസ് സർവീസ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നെല്ലിയാമ്പതി വികസന സമിതി മനുഷ്യവകാശ കമ്മീഷൻ ഉൾപ്പെടെ പരാതി നൽകി.
നെല്ലിയാമ്പതിയിലേക്ക് അഞ്ച് ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നത് ഇപ്പോള്‍ രണ്ടായി കുറച്ചത് നെല്ലിയാമ്പതിയിലുള്ളവര്‍ക്ക് വലിയ യാത്രദുരിതമാണ് സൃഷ്ടിക്കുന്നത്. ലില്ലി, വിക്‌ടോറിയ, കാരപ്പാറ ഭാഗങ്ങളിലെ അൻപതോളം വിദ്യാർത്ഥികളുടെ ഏക ആശ്രയമായ കാരപ്പാറ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിയതോടെ സ്‌കൂള്‍ വിട്ട് വീട്ടീല്‍ പോകുന്നതിന് 10 കിലോമീറ്റര്‍ ദൂരം വനമേഖലയിലൂടെ നടന്നുപോകേണ്ട സ്ഥിതിയാണ്. വന്യജീവികള്‍ കാടിറങ്ങിതുടങ്ങിയതോടെ വിദ്യാര്‍ഥികളെ നടന്നു സ്‌കൂളിലേക്ക് അയക്കുന്നതിനും, യാത്രക്കൂലി നല്‍കി ജീപ്പിലും മറ്റും പറഞ്ഞുവിടുന്നതിന് സാമ്പത്തിക സ്ഥിതിയില്ലാതത്തുമായതിനാല്‍ വിദ്യാര്‍ഥികളുടെ പഠനവും മുടങ്ങിയ സ്ഥിതിയാണ്.
കോവിഡ് കാലത്തിന് മുന്‍പ് സര്‍വീസ് നടത്തിയ എല്ലാ ബസ്സുകളും തുടര്‍ന്നും സര്‍വീസ് നടത്തണമെന്നും, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി വികസന സമിതി ചെയര്‍മാര്‍ റഷീദ് ആലത്തൂര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.