രണ്ടാം ഭാരത് ജോഡോ യാത്ര വൈകില്ല, പ്രകടന പത്രിക സമിതി ഉടൻ
ന്യൂഡൽഹി; രാഹുൽ ഗാന്ധി നയിക്കുന്ന രണ്ടാം ഭാരത് ജോഡോ യാത്ര വൈകില്ലെന്നു കോൺഗ്രസ് പാർട്ടി. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം രാജ്യത്തിന്റെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നടത്തണമെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാക്കൾ. ഇന്ത്യയിലുടനീളമുള്ള പാർട്ടി പ്രവർത്തകരിൽ നിന്നും നേതാക്കളിൽ നിന്നും ഇതേ അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുലനെ അറിയിച്ചു. കോൺഗ്രസ് നേതാവ് കെസി വേണുഗോപാലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ കൂടിയ പാർട്ടി പ്രവർത്തക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച അഭിപ്രായങ്ങൾ ഉയർന്നത്.
ഭാരത് ജോഡോ യാത്രയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക കമ്മിറ്റി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിൽ പാർട്ടി നേതാക്കൾ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനം, പ്രതിപക്ഷ എംപിമാരെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്ത വിഷയം തുടങ്ങിയവ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെസി വേണുഗോപാൽ മാധ്യമങ്ങളെ കണ്ടത്.
2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം ഏകദേശം 4,080 കിലോമീറ്റർ ദൂരം പിന്നിട്ട് 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് സമാപിച്ചത്. 126 ദിവസങ്ങൾ കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. ഇത് ഒരു രാഷ്ട്രീയ നേതാവ് നടത്തിയ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്രയായി മാറി.
രാഹുൽ ഗാന്ധി ചുക്കാൻ പിടിച്ച യാത്രയിലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതായിരുന്നു കോൺഗ്രസ് ലക്ഷ്യമിട്ടത്. തൊഴിലില്ലായ്മ, അസമത്വം, മറ്റ് സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനും യാത്രയിലൂടെ ലക്ഷ്യമിട്ടു.