സെക്രട്ടേറിയറ്റ് മാര്‍ച്ച്: ഷാഫി പറമ്പില്‍ ഒന്നാം പ്രതി, 150 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സംഘടന സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എഎല്‍എയ്ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുധീര്‍ഷാ, നേമം ഷജീര്‍, സാജു അമര്‍ദാസ്, മനോജ് മോഹന്‍ എന്നിവര്‍ക്കും തിരിച്ചറിയാവുന്ന 150 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
ഗതാഗത തടസം സൃഷ്ടിക്കല്‍, അന്യായമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പാളയം ഭാഗത്തുനിന്ന് ജാഥയായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കാല്‍നടയാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിനു തടസം സൃഷ്ടിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. പൊലീസിന്റെ ഒരു ആനുകൂല്യവും വേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ മൂന്നാം പ്രതിയായ തന്നെ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് ഷാഫി പറമ്പില്‍ വെല്ലുവിളിച്ചിരുന്നു.