For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ആഡംബര രഥം' തടഞ്ഞും പ്രതിഷേധം ആളുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

07:56 AM Dec 07, 2023 IST | Rajasekharan C P
 ആഡംബര രഥം  തടഞ്ഞും പ്രതിഷേധം ആളുന്നു  മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി
Advertisement

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന 'ആഡംബര രഥം' യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ച പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടി പൊലീസ്. നിലവിൽ ഓരോ ജില്ലയിലെയും പൊലീസ് ഉദ്യോ​ഗസ്ഥരും റിസർവ് പൊലീസിലെ ഉദ്യോ​ഗസ്ഥരുമാണ് സുരക്ഷ ഒരുക്കയിരുന്നത്. അതു തന്നെ മൂവായിരത്തോളം വരും. ഇന്നു മുതൽ സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസിനെ നവകേരള സദസിന്റെ സുരക്ഷാ ചുമതലയ്ക്കു നിയോ​ഗിക്കാനാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം.
നവകേരള സദസ് ഓരോ ദിവസം പിന്നിടുമ്പോഴും നാണം കെടുകയാണ്. സർക്കാർ തലത്തിൽ നിന്നു പോലും വിപരീത പ്രതികരണങ്ങളുണ്ടാകുന്നത് പിണറായി വിജയനെപ്പോലും അസ്വസ്ഥനാക്കുന്നു. സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരേ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ വെളിപ്പെടുത്തൽ സർക്കാരിന്റെ തൊലിയുരിച്ചു. നവകേരള സദസ് തുടങ്ങിയതു തന്നെ കർഷക ആത്മഹത്യയോടെ ആയിരുന്നു. കടം കയറി മുടിയുന്ന കർഷകനു സർക്കാർ കൊടുക്കാനുള്ള പണം പോലും കൊടുക്കുന്നില്ല. ഈ കാരണത്താലാണ് രണ്ട് കർഷകർ ആത്മഹത്യ ചെയ്തത്. അതേക്കുറിച്ച് സദസിൽ ഒരു മറുപടിയുമില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും ആലപ്പുഴയിൽ വരുമ്പോൾ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് കർഷകർ. ജില്ലയിൽ ആവർത്തന കൃഷിക്കു പണമില്ലാത്തതു മൂലം ആത്മഹത്യ ചെയ്ത കർഷകന്റെ പേരിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
നവകേരള സദസ് കണ്ണൂർ ജില്ല പിന്നിടുന്നതിനു മുൻപേ മുഖ്യമന്ത്രി വഴി വിട്ടു നിയമിച്ച കണ്ണൂർ സർവകലാശാ വൈസ് ചാൻസലർ ഡോ. ​ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി വലിച്ചു പുറത്തെറിഞ്ഞതും പിണറായി വിജയന്റെ അഴിമതി ഭരണത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായി. അധികാര ദുർവിനിയോ​ഗം നടത്തി ​ഗവർണർക്കു കത്തെഴുതി അഴിമതി ആധികാരമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒപ്പമിരുത്തിയാണ് മുഖ്യമന്ത്രിയുടെ രഥ യാത്ര. കേരളത്തെ മുച്ചൂടും മുടിച്ചു മുന്നേറുന്ന അഴിമതി പ്രചാരണ ജാഥയെ പ്രതിരോധിക്കുന്ന കെഎസ്‌യു- യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന പൊലീസ് രാജിനു ബലം കൂട്ടാനാണ് ഇരട്ടച്ചങ്കന്റെ നിർദേശം. കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പേടിത്തൊണ്ടനും അധികാരഭ്രമത്താൽ ഉന്മത്തനുമായ പിണറായിയുടെ രഥയാത്രയ്ക്കെതിരേ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് യുവാക്കളുടെ സംഘടനകൾ ആലോചിക്കുന്നത്.
നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് മുഖ്യമന്ത്രിയുടെ ഭയം കൂട്ടുന്നത്. പുതുക്കാട് വച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോം ജോണിന്റെ നേതൃത്വത്തിൽ ബസ് തടഞ്ഞത്. തുടർന്നുണ്ടായ ലാത്തിച്ചാർജ്ജിൽ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നവ കേരള യാത്ര തൃശ്ശൂരിൽ പര്യടനം തുടരുന്നതിനിടെയാണ് പ്രതിഷേധം ഉയർന്നത്. ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ചാലക്കുടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

Advertisement

Tags :
Author Image

Rajasekharan C P

View all posts

Advertisement

.