കടലിനുള്ളിലെ അത്ഭുത കാഴ്ചകള്‍ ലൈവായി കാണാം, വെറും 120 രൂപയ്ക്ക്; സുവര്‍ണാവസരം ഈ മാസം 15 മുതല്‍
ആലപ്പുഴ: ആഴക്കടലിലെ അത്ഭുതക്കാഴ്ചകളും വര്‍ണ്ണമത്സ്യങ്ങളും തീര്‍ക്കുന്ന വ്യത്യസ്ത കാഴ്ചാനുഭവം ആലപ്പുഴ ബീച്ചിലൊരുങ്ങുന്നു. എറണാകുളം ആസ്ഥാനമായ ഡി.ക്യു.എഫ് ഏജന്‍സിയാണ് ഈ മാസം 15 മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മറൈന്‍ വേള്‍ഡ് എന്ന പ്രദര്‍ശനം ഒരുക്കുന്നത്. 10 കോടി രൂപ മുതല്‍ മുടക്കിലൊരുക്കുന്ന മറൈന്‍ വേള്‍ഡിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ പ്രദര്‍ശനമാണ് ആലപ്പുഴയിലേത്.
ആദ്യ പ്രദര്‍ശനം കഴിഞ്ഞ മാസം കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ചിരുന്നു. ഡബിള്‍ ഡെക്കര്‍ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് സ്ഥാപിക്കുക. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളത്തില്‍ കടലിലെ ഏറ്റവും ചെറിയ മത്സ്യം മുതല്‍ മനുഷ്യനോളം വലുപ്പമുള്ളവ വരെയുണ്ടാകും. കൂടാതെ മത്സ്യത്തിനൊപ്പം മനുഷ്യരും നീന്തി തുടിക്കുന്ന ദൃശ്യാനുഭവവുമുണ്ടാകും. അവധിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10വരെയും മറ്റുദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം. 120 രൂപയാണ് പ്രവേശനഫീസ്. വിദ്യാര്‍ത്ഥിസംഘത്തിന് 50 ശതമാനം ഇളവും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യവും ലഭിക്കും.