ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ശിക്ഷ ഇന്ന് വിധിക്കും. ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന്മേൽ 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുന്നത്.
ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ കോണിൽവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ 13 വകുപ്പുകളിലും ശിക്ഷ പ്രഖ്യാപിക്കും. കൊലപാതകം, 12 വയസിൽ താഴെയുള്ള കുട്ടിയെ
ബലാത്സംഗം ചെയ്യൽ അടക്കം നാലുകുറ്റങ്ങൾക്ക് പരമാവധി വധശിക്ഷ വരെ നൽകാൻ കഴിയും. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാല്‍, പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം.