സുപ്രീം കോടതി വിധി പിണറായി വിജയനു വലിയ തിരിച്ചടി
ന്യൂഡൽഹി: കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ സുപ്രീം കോടതി വിധി പിണറായി വിജയനു വലിയ തിരിച്ചടിയായി. സാധാരണ കോടതി വിധികളുടെ പശ്ചാത്തലത്തിൽ രാജി വച്ച മന്ത്രിമാരും മുഖ്യമന്ത്രിമാരുമുള്ള കേരളത്തിൽ സുപ്രീം കോടതി വിധി വന്നിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുകയാണു പിണറായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ പിൻവാതിലിലൂടെ നിയമിക്കുന്നതിനാണ് ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയതെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ലോകായുക്തയും കേരള ഹൈക്കോടതിയും തള്ളിയ കേസാണിത്. കേസ് തള്ളിക്കളഞ്ഞ ഹൈക്കോടതിവിധിയെയും സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനർനിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു.
60 വയസ് കഴിഞ്ഞ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് സർക്കാർ പുനർ നിയമനം നൽകിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. സർക്കാർ ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബർ 23 നാണ് സംസ്ഥാന സർക്കാരിൻറെ ശുപാർശ അംഗീകരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വർഷത്തേക്ക് പുനർനിയമനം നൽകിയത്. കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ടുളള നടപടിക്കെതിരെ കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി.ജോസ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. 2021 ഡിസംബർ 15 ന് വിസിയുടെ പുനർനിയമനം ഹൈക്കോടതി ശരിവച്ചു.
2021 ഡിസംബർ 16 ന് ഗോപിനാഥ് രവീന്ദ്രൻറെ പുനർനിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർ അപ്പീൽ സമർപ്പിച്ചു. 2021 ഡിസംബർ 17 ന് നൽകിയ അപ്പീലിൽ ഗവർണർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. സംസ്ഥാന സർക്കാരിനോടും നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു. പുനർനിയമനത്തിന് രാജ്ഭവൻ നിർദേശം നൽകിയിട്ടില്ലെന്ന് ഗവർണർ അറിയിച്ചു. താൻ നിർദേശിച്ചതുകൊണ്ടാണ് പുനർനിയമനത്തിന് ഗോപിനാഥിൻറെ പേര് ശുപാർശ ചെയ്തു കൊണ്ടുളള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നതെന്ന വാർത്തയും ഗവർണർ നിഷേധിച്ചു.