വീണ വിജയനെതിരായ മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ അന്വേഷണം തുടങ്ങി
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ (എസ്.എഫ്.ഐ.ഒ) ടീം അന്വേഷണം ആരംഭിച്ചു.സി എം ആര്‍ എല്ലിന്റെ ആലുവ കോര്‍പറേറ്റ് ഓഫീസില്‍ പരിശോധന നടത്തുന്നു.ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. രാവിലെ ഒന്‍പത് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ജീവനക്കാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ സംഘമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്.
ആദായനികുതിയും റവന്യു ഏജന്‍സികളും അന്വേഷിച്ചിരുന്ന വീണയുടൈ എക്‌സാലോജിക് കമ്പനിക്കെതിരായ പരാതിയാണ് വന്‍കിട സാമ്പത്തിക വഞ്ചനാകേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുത്തിരിക്കുന്നത്.വീണയുടെ കമ്പനി സംസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കൈപ്പറ്റിയെ പണത്തിന്റെ ഇടപാടിനെചൊല്ലിയാണ് ആദായനികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് ആര്‍ ഒ സി അന്വേഷണത്തിന് കൈമാറുകയും ചെയ്തത്.
വീണ വിജയന്‍ മാസപ്പടി വാങ്ങിയത് അടക്കമുള്ള പരാതികളാണ് എസ്എഫ്ഐഒ അന്വേഷിക്കുക. പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ പോലും അധികാരമുള്ള ഏജന്‍സിയാണിത്. എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് എസ്എഫ്ഐഒ പ്രധാനമായും അന്വേഷിക്കുന്നത്. കോര്‍പ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. എം അരുണ്‍ പ്രസാദിനെ കൂടാതെ അഡീഷണല്‍ ഡയറക്ടര്‍ പ്രസാദ് അദല്ലി, കെ പ്രഭു, എ ഗോകുല്‍നാഥ്, കെ എം എസ് നാരായണന്‍, വരുണ്‍ ബി എസ് എന്നിവരാണ് സംഘത്തിലുള്ളത്.
കാര്‍ത്തി ചിദംബരത്തിന് എതിരായ എയര്‍സെല്‍ മാക്‌സിസ് കേസ്, പോപ്പുലര്‍ ഫിനാന്‍സ് ചിട്ടിതട്ടിപ്പ് കേസ്, വാസന്‍ ഐ കെയര്‍ കേസ് അടക്കമുള്ള കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ അന്വേഷിച്ച ഉദ്യേഗസ്ഥനാണ് സംഘത്തിലുള്ള അരുണ്‍ പ്രസാദ്. എക്‌സാലോജിക് സ്വകാര്യ സ്ഥാപനത്തില്‍ നിന്നു പണം വാങ്ങിയത് ചട്ടലംഘനമാണെന്ന് ആര്‍.ഒ.സി കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള ഐ.എസ്.ടി.ഐ.സി, കെ.എസ്.ഐ.ഡി.സി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. എട്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് എസ്എഫ്ഐഒയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അന്വേഷണ സംഘത്തില്‍ നിലവിലെ ആര്‍ ഒ സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുംഉള്‍പ്പെടുന്നുണ്ട്.