നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ച എന്‍ഐടി പ്രൊഫ.ഷൈജാ ആണ്ടവനെ ചോദ്യം ചെയ്യും
കോഴിക്കോട്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ച എന്‍ഐടി പ്രൊഫസര്‍ ഷൈജാ ആണ്ടവനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കുന്നമംഗലം പൊലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. അദ്ധ്യാപികയുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം എന്‍ഐടി രജിസ്ട്രാര്‍ പൊലീസിന് കൈമാറിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ ആധികാരികത, വിമര്‍ശനാത്മകമായ കമന്റ് ഇടാനുള്ള സാഹചര്യം എന്നീ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാനാണ് ഷൈജാ ആണ്ടവനെ പൊലീസ് വിളിച്ച് വരുത്തുക. ഇവര്‍ക്കൊപ്പം പോസ്റ്റിന് കമന്റുകള്‍ ഇട്ട മറ്റുളളവരുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, ഷൈജ ആണ്ടവന്‍ അവധിയില്‍ ആണെന്നാണ് എന്‍ഐടി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
'ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്' എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. ഇതോടെ അദ്ധ്യാപികയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്‍ഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജാ ആണ്ടവന്‍.