മുനയുള്ള ചോദ്യങ്ങൾ, ഉശിരുള്ള മറുപടികൾ;
കുടുംബശ്രീ ബാല പാർലമെന്റ് കൗതുകമായി
തിരുവനന്തപുരം: മുനയുള്ള ചോദ്യങ്ങളും ഉശിരുള്ള മറുപടികളും അടിയന്തര പ്രമേയവും പ്രതിപക്ഷ വാക്കൗട്ടും എല്ലാം ചേർന്ന് കുട്ടികളുടെ പാർലമെന്റ് കൗതുകമായി. കുടുംബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തില്‍ പഴയ നിയമസഭാ മന്ദിരത്തില്‍ നടന്ന ബാല പാർലമെന്റിൽ ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ശുചിത്വം, ലിംഗനീതി തുടങ്ങി വിവിധ വിഷയങ്ങളാണ് കുട്ടികള്‍ ഉയര്‍ത്തിയത്. സംസ്ഥാനത്ത് 31612 ബാലസഭകളില്‍ അംഗങ്ങളായ 4.59 ലക്ഷം അംഗങ്ങളുടെ പ്രതിനിധികളായി എത്തിയവര്‍ നാളെയുടെ വാഗ്ദാനങ്ങളാണ് തങ്ങളെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബാലപാര്‍ലമെന്‍റില്‍ കാഴ്ച വച്ചത്.
ഓരോ ജില്ലയില്‍ നിന്നും മികച്ച പ്രകടനം കാഴ്ച വച്ച 11 പേര്‍ വീതം 154 കുട്ടികളും അട്ടപ്പാടിയില്‍ നിന്നുള്ള 11 കുട്ടികളും ഉള്‍പ്പെടെ ആകെ 165 പേരാണ് സംസ്ഥാനതല ബാലപാര്‍ലമെന്‍റില്‍ പങ്കെടുത്തത്. കാസര്‍കോട് ജില്ലയില്‍ നിന്നുളള സൂരജ കെ.എസ്, കൊല്ലം ജില്ലയിലെ നയന എന്നിവര്‍ യഥാക്രമം രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായി. ആലപ്പുഴ ജില്ലയിലെ അസ്മിന്‍ എസ്, സ്പീക്കറും കൊല്ലം ജില്ലയില്‍ നിന്നുളള ശിവാനന്ദന്‍ സി.എ പ്രതിപക്ഷ നേതാവായി. കോഴിക്കോട് ജില്ലയിലെ ദൃശ്യ ജെ ഡെപ്യൂട്ടി സ്പീക്കറായും എത്തി.
അനയ സി(കോഴിക്കോട്), രസിക രമേഷ്(കണ്ണൂര്‍), അഥീന രതീഷ്(ആലപ്പുഴ), ആര്യാനന്ദ അനീഷ്(കണ്ണൂര്‍), സന്ദീപ് എസ്.നായര്‍(മലപ്പുറം), നിവേദ്യ കെ(കോഴിക്കാട്) എന്നിവര്‍ മന്ത്രിമാരും അട്ടപ്പാടിയില്‍ നിന്നുളള അഭിനവ് ചീഫ് മാര്‍ഷലും തൃശൂര്‍ ജില്ലയിലെ ശ്രീനന്ദ എ.ഡി.സിയുമായി. പത്തനംതിട്ട ജില്ലയിലെ അര്‍ച്ചന വി.നായര്‍ സെക്രട്ടറി ജനറലായി. അട്ടപ്പാടിയില്‍ നിന്നുള്ള അനുമിത്ര, കാസര്‍കോട് ജില്ലയിലെ തനിഷ ജെ എന്നിവര്‍ സെക്രട്ടറിമാരായും എത്തി. ബാലപാര്‍ലമെന്‍റിനു ശേഷം കുട്ടികള്‍ പുതിയ നിയമസഭാ മന്ദിരവും സന്ദര്‍ശിച്ചു.
ശാസ്ത്രസാങ്കേതിക മേഖലകളിലെ അറിവു നേടുന്നതിനൊപ്പം നിയമസഭ, പാര്‍ലമെന്‍റ്, ജനാധിപത്യം എന്നിവ സംബന്ധിച്ച് കുട്ടികള്‍ക്ക് വ്യക്തമായ അവബോധം നല്‍കാന്‍ ബാലപാര്‍ലമെന്‍റ് പോലെയുള്ള പരിപാടികള്‍ സഹായകമാകുമെന്ന് ഉദ്ഘാടനം ചെയ്ത മുൻ മന്ത്രി ആന്‍റണി രാജു പറഞ്ഞു. ക്ളാസ് മുറികളില്‍ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ രൂപപ്പെടുത്താന്‍ ഇത് സഹായകരമാകും. ഇത്തരം അമൂല്യമായ അറിവുകള്‍ ഭാവിയില്‍ മുന്നേറാനുളള കരുത്താക്കി മാറ്റാന്‍ കുട്ടികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബാലസഭയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'അറിവൂഞ്ഞാല്‍' മാസിക കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറ്ടര്‍ ജാഫര്‍ മാലിക്കിന് നല്‍കി പ്രകാശനവും നിര്‍വഹിച്ചു.