മോദിയുടെയും അമിത് ഷായുടെയും ആരോപണം തള്ളി ശിവസേന
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയതെന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആരോപണം തള്ളി ശിവസേന (യൂബിടി) വിഭാഗം.രാഹുൽ ഗാന്ധി തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും ബിജെപിയും ആർഎസ്എസും ഹിന്ദു ധർമ്മത്തിന് തുല്യമല്ലെന്നും ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ പറഞ്ഞു എന്നാൽ ശിവൻ്റെ ചിത്രം കാണിക്കാൻ അനുവദിക്കാതെ ബിജെപി ഹിന്ദു ധർമ്മത്തെ അവഹേളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കള്‍ക്കും ഹിന്ദു സമൂഹത്തിനും എതിരെ രാഹുല്‍ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് ശിവസേന (യുബിടി) വക്താവ് സഞ്ജയ് റാവുത്ത് എം.പി വ്യക്തമാക്കി. മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയതെന്നും സഞ്ജയ് റാവുത്ത് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ലോക്സഭയില്‍ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാൻ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവർ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും രാഹുല്‍ ചോദിച്ചു.ബി.ജെ.പിക്കും മോദിക്കുമെതിരെ രാഹുല്‍ നടത്തിയ രൂക്ഷ വിമർശനം ഹിന്ദു സമൂഹത്തിനെതിരാണെന്ന് ആരോപിച്ച് വഴിതിരിച്ചുവിടാൻ പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും ശ്രമം നടത്തി. സ്പീക്കർ ഓം ബിർളയും മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ശിവരാജ് സിങ് ചൗഹാൻ, ലാലൻ സിങ്, ഭൂപേന്ദ്ര യാദവ് അടക്കമുള്ളവർ ഒരു മണിക്കൂറിലേറെ നീണ്ട രാഹുലിന്റെ പ്രസംഗത്തിന് ഇടയില്‍ കയറി പ്രതിരോധിക്കാനും ശ്രമിച്ചു.