Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഈ ഉന്നം ലക്ഷ്യത്തിലേക്ക്; പ്രതിഭകളുടെ സ്വന്തം കളരിയായി വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച്

04:57 PM Dec 26, 2023 IST | Online Desk
Advertisement

തിരുവനന്തപുരം: ലോകോത്തര സൗകര്യങ്ങൾ ഒരുക്കി സംസ്ഥാനത്ത് നിന്നും പുതിയ നിര ഷൂട്ടിങ് താരങ്ങളെ വാർത്തെടുക്കുകയാണ് വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച്. കായിക പശ്ചാത്തല സൗകര്യ വികസനത്തിൽ അതിവേഗം മുന്നേറുന്ന കേരളത്തിൽ കായികയിനങ്ങളിൽ മികച്ച താരങ്ങളെ ഒരുക്കിയെടുക്കുകയാണ് തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടിംഗ് റേഞ്ച് ആയ വട്ടിയൂർക്കാവിലൂടെ സംസ്ഥാന സർക്കാരും കായിക യുവജനകാര്യ വകുപ്പും ലക്ഷ്യമിടുന്നത്.

Advertisement

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൂന്ന് ഷൂട്ടിങ് റേഞ്ചുകളിൽ ഒന്നായ വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച് ദേശീയ, സംസ്ഥാന തല ഷൂട്ടിങ് ജേതാക്കളുടെ പ്രധാന പരിശീലന കളരിയായി മാറിയിരിക്കുകയാണിപ്പോൾ. ഏഷ്യൻ പാരാ ഗെയിംസ് 2023 സ്വർണമെഡൽ ജേതാവ് സിദ്ധാർത്ഥാ ബാബു അടക്കം നിരവധി ഷൂട്ടിംഗ് താരങ്ങൾ നിലവിൽ വട്ടിയൂർക്കാവിൽ പരിശീലനം നടത്തുന്നുണ്ട്.

ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്സ് ഫെഡറേഷന്റെ അംഗീകാരമുള്ള ആധുനിക ഇലക്ട്രോണിക് ടാർഗറ്റ് സിസ്റ്റവും 140 ഷൂട്ടിംഗ് ലൈനുകളും ഉൾപ്പെടെ വിവിധ അത്യാധുനിക സൗകര്യങ്ങളാണ് ഈ റേഞ്ചിൽ ഒരുക്കിയിരിക്കുന്നത്. ഭോപ്പാൽ, ഡൽഹി എന്നിവിടങ്ങളിലെ ഷൂട്ടിംഗ് റേഞ്ചുകളോടു കിടപിടിക്കുന്നതാണ് വട്ടിയൂർക്കാവിലെ ഷൂട്ടിംഗ് റേഞ്ച്.

10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ എന്നിവയിൽ പരിശീലന സൗകര്യമാണ് വട്ടിയൂർക്കാവിൽ ഉള്ളത്. നിരവധി ദേശീയ മത്സരങ്ങൾ ഇവിടെ സംഘടിപ്പിച്ചു വരുന്നുണ്ട്. 25 ദേശീയ മത്സരങ്ങളും 10 സോണൽ മത്സരങ്ങളും അഞ്ചോളം സ്റ്റേറ്റ് ലെവൽ മത്സരങ്ങളും വട്ടിയൂർക്കാവിൽ വെച്ച് നടന്നിട്ടുണ്ട്.

ഷൂട്ടിങ്ങ് മെഡലുകൾ സ്വന്തമാക്കാൻ ശേഷിയുള്ള കേരളത്തിന്റെ സ്വന്തം പ്രതിഭകളേയും ഭാവി താരങ്ങളേയും വാർത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വളർന്നു വരുന്ന താരങ്ങൾക്കായി മികച്ച പരിശിലീനവും പരിശീലകരുടെ സേവനവും ഇവിടെ ലഭ്യമാണ്.

വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചും ഇവിടുത്തെ പരിശീലനവുമാണ് തന്നിലെ ഷൂട്ടിങ് താരത്തെ പരിപോഷിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്തതെന്ന് ദേശീയ ഗെയിംസ് മെഡലിസ്റ്റായ വിദർശ പറയുന്നു. "ചെറുപ്പം മുതൽക്കെ ഷൂട്ടിംഗ് കായിക ഇനത്തോട് അഭിമുഖ്യമുണ്ടെങ്കിലും പരിശീലനം എവിടെ ലഭിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എൻസിസിയിൽ ചേർന്നതോടെയാണ് വട്ടിയൂർക്കാവിലുള്ള ഷൂട്ടിംഗ് റേഞ്ചിനെപറ്റി കൂടുതൽ അറിഞ്ഞത്. എന്നെപ്പോലുള്ള സാധാരണക്കാർക്കും ഷൂട്ടിംഗ് ഇനത്തിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ലഭിച്ചത് ഇവിടുത്തെ പരിശീലനത്തിലൂടെയാണ്," വിദർശ പറഞ്ഞു.

“സംസ്ഥാന കായിക, യുവജനകാര്യ വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരളയുടെ മേൽനോട്ടത്തിലാണ് വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച് പ്രവർത്തിക്കുന്നത്. സർക്കാർ നേരിട്ട് നടത്തുന്ന ഇത്തരമൊരു പരിശീലന കേന്ദ്രം മികച്ച ഷൂട്ടിങ് താരങ്ങളെ വാർത്തെടുക്കാനും അവരുടെ മുന്നോട്ടുള്ള പ്രയാണത്തിനും ഏറെ ഗുണകരമാണ്. മറ്റു കായിക ഇനങ്ങളെ അപേക്ഷിച്ച് പരിശീനത്തിനും മത്സരങ്ങൾക്കും വലിയ സാമ്പത്തിക ചെലവുള്ള ഇനമാണ് ഷൂട്ടിങ്. ഇവിടെയാണ് സർക്കാർ ഇടപെടലുകളുടെ പ്രാധാന്യം. ദേശീയ ചാമ്പ്യൻഷിപ്പുകളുടെ ഭാഗമായുള്ള മത്സരങ്ങളും പരിശീലനങ്ങളും ഇവിടെ സ്ഥിരമായി നടന്നു വരുന്നു,” ഐഎസ്എസ് പിസ്റ്റൾ പരിശീലകൻ നവീൻ പി. ആർ. പറഞ്ഞു.

ഷൂട്ടിംഗ് റേഞ്ചിനൊപ്പം തന്നെ മികച്ച ഒരു ജിം സൗകര്യവും കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കും കായികതാരങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഒപ്പം തന്നെ, ഇന്ത്യയിലെ തന്നെ മികച്ച ടേബിൾ ടെന്നീസ് പരിശീലന സൗകര്യവും ഇവിടെ ഉണ്ട്. 5 മുതലുള്ള കുട്ടികൾക്ക് ഈ ടേബിൾ ടെന്നീസ് സൗകര്യം പ്രയോജനപ്പെടുത്താം. രാവിലെയും വൈകിട്ടും 2 മണിക്കൂർ വീതമാണ് ഇവിടെ പരിശീലനം നൽകുന്നത്. കോച്ചിങ് ഫീസ് സൗജന്യമാണ്. ഷൂട്ടിംഗ് താരങ്ങൾക്ക് താമസിച്ചു പരിശീലനം നേടുന്നതിനുള്ള ഹോസ്റ്റൽ സൗകര്യവും വട്ടിയൂർക്കാവിലെ ഷൂട്ടിംഗ് റേഞ്ചിൽ ഉടൻ പൂർത്തിയാകും.

Advertisement
Next Article