ഷുക്കൂർ വധക്കേസ്; സിപിഎം നേതാക്കൾക്ക് തിരിച്ചടി, പി ജയരാജന്റെയും ടി വി രാജേഷിന്റെയും ഹർജി തള്ളി
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്ക് തിരിച്ചടി. വധക്കേസിൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പി ജയരാജന്റെയും ടി വി രാജേഷിന്‍റെയും വിടുതൽ ഹർജി സിബിഐ പ്രത്യേക കോടതി തള്ളി. ഇരുനേതാക്കളും കേസിൽ വിചാരണ നേരിടണം. ജയരാജനും രാജേഷിനും എതിരെ സിബിഐ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
2012 സെപ്റ്റംബർ 20നാണ് അരിയിൽ സ്വദേശിയായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവൻകടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. ഷുക്കൂർ വധക്കേസിൽ ഗൂഡാലോചന കുറ്റമാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും സിബിഐ പ്രത്യേക കോടതിയെ സമീപിച്ചത്.
രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്‍റെയും, ടി. വി രാജേഷിന്‍റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്‍റെ മാതാവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.