For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ നടത്തി' റിമാൻഡ് റിപ്പോർട്ട് പുറത്ത്

04:16 PM Mar 03, 2024 IST | Online Desk
 അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ നടത്തി  റിമാൻഡ് റിപ്പോർട്ട് പുറത്ത്
Advertisement

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ കോളേജിലേക്ക് മടങ്ങുകയായിരുന്നു. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നത്. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിൽ അന്വേഷണ സംഘം പറയുന്നു.

Advertisement

പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ വിശദീകരിച്ചാണ് റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് മുൻപ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികൾ സിദ്ധാര്‍ത്ഥനെ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.3
സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ, കോളേജിലേക്ക് തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസാവുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഇത് പ്രകാരം ഫെബ്രുവരി 16 ന് രാവിലെ സിദ്ധാര്‍ത്ഥൻ തിരികെ കോളേജിലെത്തി. എന്നാൽ ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. അന്ന് രാത്രി 9 മണി മുതലാണ് മര്‍ദ്ദനം ആരംഭിച്ചത്.

ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഹോസ്റ്റലിൽ തിരികെയെത്തിച്ചു. 21ാം നമ്പര്‍ മുറിയിൽ വച്ച് മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധപിപ്പിച്ച് പ്രതികൾ ബെൽറ്റ്, കേബിൾ വയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു. 17 ന് പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദ്ദനം തുടര്‍ന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിമാന്റ് റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചിരിക്കുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.