സിദ്ധാര്‍ഥന്റെ മരണം: വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിന് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണം അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. സര്‍വകലാശാല വൈസ് ചാന്‍സലര്‍, അസിസ്റ്റന്റ് വാര്‍ഡന്‍, അധ്യാപകര്‍, സിദ്ധാര്‍ഥന്റെ അച്ഛനമ്മമാര്‍, സഹപാഠികള്‍ തുടങ്ങി 28 പേരില്‍നിന്ന് കമീഷന്‍ മൊഴിയെടുത്തിരുന്നു.
മുന്‍ വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിന് സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിദ്ധാര്‍ഥന്റെ മരണം നടക്കുന്ന ദിവസം വി.സി കാമ്പസിലുണ്ടായിരുന്നു. സമയബന്ധിതമായി ഇടപെടല്‍ നടത്താന്‍ വി.സി തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം പുറത്തുവന്നതിനു പിന്നാലെ വി.സിയെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു.
സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ ഗവര്‍ണറെ നേരില്‍ കണ്ടതിനു പിന്നാലെ മേയിലാണ് അന്വേഷണത്തിനായി ജുഡീഷ്യല്‍ കമീഷനെ നിയമിച്ചത്. ജസ്റ്റിസ് ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നന്നത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. രാജ്ഭവനില്‍ നേരിട്ടെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സര്‍വകലാശാലയ്ക്ക് ഭരണപരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന വിഷയത്തിലും അന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ടായിരുന്നു. അത്തരത്തില്‍ പിഴവില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ ആയിരുന്നു കമീഷനെ നിയോഗിച്ചത്. കാമ്പസിലെ റാഗിങ് ഇല്ലാതാക്കാനുള്ള നിര്‍ദേശങ്ങളും കമീഷന്‍ അവതരിപ്പിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.