For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മോദി ഭരണത്തിനെതിരെയുള്ള ഗാനവുമായി കെ സുരേന്ദ്രന്റെ കേരള പദയാത്ര: ട്രോളില്‍ നിറഞ്ഞ് ബിജെപി

കെ സുരേന്ദ്രൻ ആദ്യമായി സത്യം പറയുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പരിഹാസം
03:38 PM Feb 21, 2024 IST | Online Desk
മോദി ഭരണത്തിനെതിരെയുള്ള ഗാനവുമായി കെ സുരേന്ദ്രന്റെ കേരള പദയാത്ര  ട്രോളില്‍ നിറഞ്ഞ് ബിജെപി
Advertisement
Advertisement

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിൽ സംഭവിച്ച അമളിയെച്ചൊല്ലി പൊല്ലാപ്പിലായിരിക്കുകയാണ് ബി ജെ പി. "അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ,'' എന്ന ആഹ്വാനമുള്ള പാട്ട് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

''ദുരിതമേറ്റു വാടിവീഴും പതിതകോടി
മാനവർക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ
പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും
എതിരിടാൻ ഞങ്ങളുണ്ട് കൂട്ടരേ…''

ഇതിനു ശേഷമാണ് കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള വരികൾ. ഇത്തരം അഴിമതിക്കാരെ തുടച്ചുനീക്കാൻ താമരയ്ക്ക് കൊടി പിടിക്കാനും ആഹ്വാനം ചെയ്യുന്ന ഗാനം, പദയാത്ര തത്സമയം സംപ്രേഷണം ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്.

സമൂഹമാധ്യമങ്ങളിൽ വൻ ട്രോളിനാണ് ഈ പാട്ടിൽ ബി ജെ പി ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. ആദ്യമായാണ് സുരേന്ദ്രൻ സത്യം പറയുന്നതെന്നാണ് സോഷ്യൽമീഡിയയിലെ പരിഹാസം.

കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ പോസ്റ്ററിനെതിരെ വിമർശനം ഉയർന്നിരുന്നു. കോഴിക്കോട് നടക്കാനിരുന്ന പരിപാടിയുമായി ബന്ധപ്പെട്ട
പോസ്റ്ററിൽ ഉച്ചഭക്ഷണം എസ്‌സി, എസ്ടി നേതാക്കളോടൊപ്പമെന്ന് നൽകിയതാണ് വിവാദങ്ങൾക്കിടയാക്കിയത്. ബിജെപിയെന്ന പാർട്ടിയുടെ സവർണാധിപത്യ മുഖം തെളിയിക്കുന്നുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വിമർശം.

2017-ൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ, അദ്ദേഹം 'ചെങ്കൽച്ചൂള ചേരിയിലെ ജനങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്നു' എന്ന ബിജെപിയുടെ പ്രചാരണം രൂക്ഷ വിമർശനത്തിന് വഴിവെച്ചിരുന്നു. ബിജെപി ദളിത് വിരുദ്ധ പാർട്ടിയാണെന്ന പ്രചാരണം ചെറുക്കാനാണ് അമിത് ഷാ ചെങ്കൽച്ചൂളയിലെത്തി ഭക്ഷണം കഴിച്ചത് എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. ബിജെപി നേതാക്കളുടെ പ്രചാരണത്തിന് എതിരെ ചെങ്കൽച്ചൂളയിലെ ജനങ്ങൾ തന്നെ പിന്നീട് രംഗത്തുവന്നിരുന്നു.

ഉത്തരേന്ത്യയിൽ വലിയ പ്രാധാന്യത്തോടെ ബിജെപി ദളിതർക്കും ആദിവാസികൾക്കുമൊപ്പം നേതാക്കൾ ഭക്ഷണം കഴിക്കുന്നത് വാർത്തയാക്കാറുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇത്തരം പരിപാടികൾ നടത്തുന്നതും പതിവാണ്. ദളിത്, ഒബിസി വിഭാഗങ്ങളിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും ദേശീയനേതൃത്വം നിർദേശം വരെയിറക്കിയിട്ടുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.