സ്‌മൃതി ഇറാനിക്കും പിണറായിക്കും ഒരേ സ്വരമാണ്, ഒരേ വാദങ്ങളാണ് ; വി ഡി സതീശൻ
വയനാട്ടിലെ നോമിനേഷൻ സമർപ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി വി ഡി സതീശൻ. ലീഗുമായുള്ള കേരളത്തിലെ കോൺഗ്രസിന്റെ ബന്ധം ദേശീയ തലത്തിൽ മറച്ചു വെയ്ക്കാൻ വേണ്ടിയാണ് കോൺഗ്രസ് ശ്രമിച്ചതെന്നായിരുന്നു സ്‌മൃതിയുടെ ആരോപണം. എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേരളത്തിൽ മാത്രമല്ല കോൺഗ്രസുമായുള്ള ബന്ധം നിലനിർത്തുന്നത്, ഇന്ത്യ മുന്നണിയിലെ അംഗം കൂടിയാണ്. ഇന്ത്യ മുന്നണിയിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി കേരളത്തിലെ കോൺഗ്രസ്സുമായി ബന്ധമുള്ള യുഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. ആ ബന്ധം ഒളിച്ചു വയ്‌ക്കേണ്ട ഒരു കാര്യവും കേരളത്തിലെയോ ദേശീയ തലത്തിലെയോ കോൺഗ്രസ്സിന് ഇല്ലായെന്നും വി ഡി സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ ഇതേ ആരോപണങ്ങൾ ഉന്നയിച്ചതിനു ശേഷം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്‌മൃതി ഇറാനി ഈ പരാമർശങ്ങളുമായി രംഗത്തെത്തുന്നത്. സ്‌മൃതി ഇറാനിക്കും പിണറായിക്കും ഒരേ സ്വരമാണ്, ഒരേ വാദങ്ങളാണ്. ഇരുവരുടെയും പ്രസ്താവന തയ്യാറാക്കിയത് ഒരു സ്ഥലത്താണോയെന്ന് സംശയമുണ്ടാക്കുന്ന തരത്തിലാണ് രാഹുൽ ഗാന്ധിക്ക് എതിരെയുള്ള ആക്ഷേപം എന്നും വി ഡി സതീശൻ പറഞ്ഞു.
സ്‌മൃതി രാജ്യം മുഴുവൻ സഞ്ചരിച്ച് രാഹുൽ ഗാന്ധിക്കെതിരെ സ്ഥിരമായി ആക്ഷേപം ചൊരിയുന്ന ആളാണ്. ബിജെപി അവരെ ചുമതലപ്പെടുത്തിയിരിക്കുന്നതും മനസ്സിലാക്കാം. എന്നാൽ പിണറായി രാഹുൽ ഗാന്ധിക്കെതിരെ ഇത്തരം ആക്ഷേപങ്ങൾ നടത്താൻ കൂട്ട് നിൽക്കുന്നതിൽ അത്ഭുതമൊന്നുമില്ല, ഇന്ത്യ മുന്നണിയുടെ ശക്തി സ്രോതസ്സായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചാൽ അത് വഴി ബിജെപിയുടെ പ്രീതി നേടിയെടുക്കാനാണ് പിണറായി ശ്രമിക്കുന്നത്.
ബിജെപി യുടെ അതെ ആരോപണങ്ങളാണ് പിണറായിയും പറയുന്നത്. മാസപ്പടി ആരോപണവും കരുവന്നൂർ ബാങ്ക് കൊള്ളയും അടക്കമുള്ള നിരവധി ആരോപണങ്ങളുടെ ഭീതിയിലാണ് പിണറായി ബിജെപിക്ക് വേണ്ടി നിലകൊള്ളുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.