For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മലയാള സിനിമയിൽ പുതിയ സംസ്കാരവുമായി സൂരജ് സൂര്യ

11:26 AM Sep 23, 2023 IST | Veekshanam
മലയാള സിനിമയിൽ  പുതിയ സംസ്കാരവുമായി സൂരജ് സൂര്യ
Advertisement

മലയാള സിനിമ എല്ലായിപ്പോഴും അനന്തമായ പരീക്ഷണങ്ങളുടെ കൂടി ഇടമാണ്. ചലച്ചിത്ര മേഖലയെ ജീവനും ജീവിതവുമായി കാണുന്ന ഒട്ടേറെ പേർ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. സിനിമാ മോഹവുമായി സ്വപ്നങ്ങൾക്ക് പിന്നാലെ അലയുന്ന അനേകായിരം കലാകാരന്മാർക്ക് അവരുടെ ലക്ഷ്യത്തിലേക്കുള്ള പാത തുറന്നിരിക്കുകയാണ് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നടനുമൊക്കെയായ സൂരജ് സൂര്യ. 1999 ൽ പുറത്തിറങ്ങിയ കലാഭവൻ മണി തകർത്ത് അഭിനയിച്ച എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലൂടെയാണ് സൂരജ് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. വളരെ ചെറിയ വേഷമായിരുന്നെങ്കിലും ആ വേഷത്തോടുള്ള ആത്മസമർപ്പണം വളരെ വേഗത്തിൽ അംഗീകാരങ്ങളും തുടർ അവസരങ്ങളും തേടിയെത്തുന്നതിലേക്ക് അദ്ദേഹത്തെ പ്രാപ്തനാക്കിയിരുന്നു. വ്യത്യസ്തമാർന്ന വേഷങ്ങളിൽ കഥാപാത്രത്തിന്റെ കാമ്പും കഴമ്പും നഷ്ടപ്പെടാതെ നിറഞ്ഞാടുവാൻ കഴിഞ്ഞിട്ടുള്ള ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് സൂരജ്. ആദ്യ ചിത്രത്തിലെ തന്നെ അഭിനയ മികവ് നൽകിയ സ്വീകാര്യത ഏറെയാണ്.

Advertisement

സിനിമ എന്ന മഹാലോകത്ത് അഭിനയത്തിനപ്പുറം മറ്റു സാധ്യതകൾക്കൊപ്പം സഞ്ചരിക്കുവാനും സൂരജ് ശ്രമിച്ചിട്ടുണ്ട്. മികച്ച അഭിനേതാവിന് ഒപ്പം സംവിധായകനായും തിരക്കഥാകൃത്തായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സിനിമ ഒരു ജീവനുള്ള കലയ്ക്കൊപ്പം തന്നെ ഒരുപറ്റം ജനതയുടെ ജീവിതം മാർഗം കൂടിയാണെന്ന തിരിച്ചറിവ് സിനിമ വ്യവസായത്തെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള ഇടപെടലുകളിലേക്കും അദ്ദേഹത്തെ എത്തിച്ചിട്ടുണ്ട്.സിനിമയിൽ അഭിനയിക്കുമ്പോഴും അതിന്റെ മറ്റു പല മേഖലകളിൽ ഇടപെടുമ്പോഴും തന്റേതായ ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നത് സൂരജിന്റെ ആഗ്രഹമായിരുന്നു.

സിനിമ എന്ന ഉള്ളിലെ തീ ഏഴോളം ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചപ്പോഴും തന്റെ ലക്ഷ്യത്തിന് പിന്നാലെയായിരുന്നു. 'സെൻസിറ്റീവ്' എന്ന പേരിൽ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വെബ് സീരീസ് ചെയ്യുന്നതിനിടയിൽ ആയിരുന്നു അതിനുള്ള സന്ദർഭം ഒരുങ്ങി വന്നത്. സീരീസിന്റെ മൂന്ന് എപ്പിസോഡിന് വേണ്ടി തയ്യാറാക്കിയിരുന്ന കഥ ഒരു സിനിമയായി രൂപാന്തരപ്പെടുകയായിരുന്നു. തമിഴ്നാട്ടിൽ ജനിച്ച ഒരു ബാലിക കേരളത്തിലേക്കെത്തി യ ശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളെ ഇതിവൃത്തമാക്കി തയ്യാറാക്കിയ കഥയായിരുന്നു അത്. ഒരേസമയം വിവിധ തലങ്ങളിൽ നിന്നുള്ള ചർച്ചകൾക്ക് ആധാരമായ 'പാനിക് ഭവാനി' എന്ന ചലച്ചിത്രമായി ആ കഥ മാറുകയായിരുന്നു. ഈ സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും പ്രധാന വേഷവുമെല്ലാം സൂരജ് തന്നെയായിരുന്നു. അദ്ദേഹം തന്നെ വരികൾ നൽകിയ ചിത്രത്തിലെ ഒരു ഗാനം വലിയതോതിലുള്ള ജനപ്രീതിയും ആർജ്ജിച്ചിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചവരെല്ലാം പുതുമുഖങ്ങളായിരുന്നു. ഒരു കഥയ്ക്കപ്പുറത്തേക്ക് ജീവനുള്ള ഒരു യാഥാർത്ഥ്യമായാണ് ആ സിനിമ ആസ്വാദകരിൽ അനുഭവം പകർന്നത്. ബാലിക നേരിടേണ്ടിവന്ന ദുരനുഭവവും അവളുടെ പ്രതികാരവും ഏറെ ഹൃദയസ്പർശിയായി ആണ് സൂരജ് അവതരിപ്പിച്ചത്.

പുതുമുഖങ്ങൾക്ക് അഭിനയിക്കുവാനും, മറ്റു മേഖലകളിൽ ഇടപെടുവാനും അവസരങ്ങൾ ലഭിച്ചെന്ന് അതെല്ലാം പൂർണ്ണതയിലേക്ക് എത്തണമെന്നില്ലെന്ന് തിരിച്ചറിവ് സൂരജിന് ഉണ്ടായിരുന്നു. സിനിമയെ വലിയ വാണിജ്യ താൽപര്യത്തോടെ കാണുന്നവരും ഉള്ളപ്പോൾ നവാഗതരുടെ സിനിമകൾക്ക് വേണ്ടത്ര ഇടം ലഭിക്കണമെന്നില്ല. ആ ചിന്തയാണ് 'ഫോർ കെ പ്ലസ് മൂവിസ്' എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്. മലയാളത്തിലെ ഒടിടി സ്ട്രീമിംഗ് രംഗത്തെ വിപ്ലവകരമായ മുന്നേറ്റം ആയിരുന്നു അത്. അദ്ദേഹത്തിന്റെ തന്നെ ചിത്രമായ പാനിക് ഭവാനി ആയിരുന്നു ഈ പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ആദ്യ ചിത്രം. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വ്യത്യസ്തമായി ചലച്ചിത്രങ്ങൾക്ക് പുറമേ ഹ്രസ്വചിത്രങ്ങൾ, വെബ് സീരീസ്, ട്രെയിനിങ് വർക്ക് ഷോപ്പുകൾ, ലൈവ് സ്ട്രീമിങ്ങുകൾ തുടങ്ങി പുതുമയുള്ള ദൃശ്യവിരുന്ന് എല്ലാവരിലേക്കും എത്തിക്കുക എന്ന ദൗത്യം ഫോർ കെ പ്ലസ് മൂവിസ് ഏറ്റെടുക്കുകയായിരുന്നു. പ്രതീക്ഷകളേക്കാൾ അപ്പുറത്തേക്കുള്ള പിന്തുണയാണ് ഈ പരീക്ഷണത്തിന് ലഭിച്ചത്. ചിത്രീകരണവും മറ്റ് അനുബന്ധ പ്രക്രിയകളും പൂർത്തിയായിട്ടും സാമ്പത്തികം കാരണം പുറത്ത് നിൽക്കേണ്ടിവരുന്ന കലാമൂല്യമുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന കാലഘട്ടത്തിന്റെ അനിവാര്യമായ കർത്തവ്യം ഈ സംരംഭത്തിലൂടെ നിറവേറ്റുവാൻ സൂരജിന് കഴിഞ്ഞു. ഇനിയും ഒരുപിടി നല്ല ചിത്രങ്ങളും ആശയങ്ങളും സൂരജ് സൂര്യയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Tags :
Author Image

Veekshanam

View all posts

Advertisement

.