നിയമ വിദ്യാർത്ഥികൾക്കായി പ്രത്യേക സർവ്വകലാശാല വേണം: കെ എസ് യു
സംസ്ഥാനത്തെ നിയമ വിദ്യാർത്ഥികൾക്കായി പ്രത്യേക സർവ്വകലാശാല വേണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഇക്കാര്യത്തിലെ കെ.എസ്.യു നിലപാട് സംസ്ഥാന സർക്കാരിനെ അറിയിക്കും.സംസ്ഥാനത്തെ പല സർവ്വകലാശാലകളും വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയാണ്. സെമസ്റ്റർ പരീക്ഷാ ഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കാൻ തയാറാകുന്നില്ലന്ന് മാത്രമല്ല പുനഃമൂല്യനിർണ്ണയ ഫലങ്ങൾ വരുന്നതിന് മുമ്പായി സപ്ലിമെൻ്ററി പരീക്ഷക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.
കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് വച്ച് സംഘടിപ്പിച്ച നിയമ വിദ്യാർത്ഥികൾക്കായുള്ള ലോകോസ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.എസ്.യു സംസ്ഥാന കൺവീനർ ശ്രീജിത്ത് പുലിമേൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്തെ 21 നിയമ കലാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത്.ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, കെ.എസ്.യു സംസ്ഥാന ജന:സെക്രട്ടറിമാരായ മുബാസ് ഓടക്കാലി,അൽ അമീൻ അഷ്റഫ്, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് കെ.എം കൃഷ്ണ ലാൽ, സംസ്ഥാന ഭാരവാഹികളായ ജെയിൻ പൊട്ടക്കൻ, ജിഷ്ണു രാഘവ്, തൗഫീക്ക് രാജൻ, ജോയൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.