പുതിയ ക്രിമിനൽ നിയമം: സംസ്ഥാന ഭേദഗതി പരിഗണിക്കും; നിയമപരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക്, കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ഭരണഘടനയുടെ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമെന്ന നിലയിൽ പുതുക്കിയ കേന്ദ്ര നിയമങ്ങളിൽ സംസ്ഥാന ഭേദഗതി ആവശ്യമെങ്കിൽ അതേക്കുറിച്ച് പരിശോധിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവു നിയമം എന്നിവ ഭേദഗതി വരുത്തിയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അഥിനിയമം എന്നീ പുതിയ നിയമങ്ങൾ നിലവിൽ വന്നത്. പഴയ നിയമങ്ങളുടെ പേരുകൾക്കൊപ്പം നിയമവ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇവ പരിശോധിച്ച് സംസ്ഥാനത്തിൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള ഭേദഗതികൾ ആവശ്യമുണ്ടോ എന്നാണ് നിയമ പരിഷ്കരണ കമ്മീഷൻ പരിശോധിക്കുക.