ബഹിരാകാശത്ത് 16 തവണ പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്
ബഹിരാകാശത്ത് 16 തവണ പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്. ബഹിരാകാശ നിലയത്തില്‍ ഭൂമിയെ ഭ്രമണം ചെയ്യുമ്പോള്‍ 16 തവണയാണ് സുനിത വില്യംസും സംഘവും സൂര്യോദയം കാണുക. സുനിത വില്യംസ് ഉള്‍പ്പടെ ഏഴ് പേരാണ് നിലവില്‍ ബഹിരാകാശ നിലയത്തിലുള്ളത്.
ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഐഎസ്എസ് (അന്താരാഷ്ട്ര ബഹിരാകാശ നിലയം). ഒരു ദിവസം 16 തവണ ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നുണ്ട്. അതിനാല്‍ സംഘത്തിന് ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും സൂര്യോദയവും സൂര്യാസ്തമയവും കാണാം. അങ്ങനെ ഒരുദിവസം ആകെ 16 സൂര്യോദയവും സൂര്യാസ്തമയവും സുനിത വില്യംസും സംഘവും കാണുന്നുണ്ട്.
'2024 ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍, പുതുവര്‍ഷത്തിലേക്ക് കടക്കുന്ന EXP 72 ക്രൂ 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണും. ഭ്രമണപഥത്തില്‍ നിന്ന് വര്‍ഷങ്ങളായി ചിത്രീകരിച്ച നിരവധി സൂര്യാസ്തമയങ്ങള്‍ കാണൂ,'ബഹിരാകാശത്ത് നിന്ന് പകര്‍ത്തിച്ച സൂര്യാസ്തമയങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഐഎസ്എസ് എക്സില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് സുനിത ബഹിരാകാശത്തേക്ക് തിരിച്ചത്. ബഹിരാകാശയാത്രികനായ ബാരി വില്‍മോറിനൊപ്പം ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ ആയിരുന്നു യാത്ര. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഐഎസ്എസില്‍ എത്തിയതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തിരിച്ച് വരാന്‍ സാധിച്ചില്ല. 2025 മാര്‍ച്ചോടെ സംഘം ഭൂമിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.