ഭൂമിയിലേക്കുള്ള സുനിത വില്യംസിന്റെ തിരിച്ചുവരവ് പ്രതിസന്ധിയിൽ
വാഷിങ്ടൺ: ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ നീണ്ട മാസങ്ങൾ ആവശ്യമെന്ന് സൂചന. പേടകത്തിന്റെ തകരാർ പരിഹരിക്കാൻ സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാലെയാണ് യാത്ര നീണ്ടുപോകുമെന്ന സൂചന ലഭിക്കുന്നത്. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്.
യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നൽകൂ. പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം.
ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസാനില്‍ ജനിച്ച സുനിത പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.