ഒസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ 20.5 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി
ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണ്‍ താരലേലത്തില്‍ ഒസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ 20.5 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണിത്. ഫാസ്റ്റ് ബൗളര്‍ മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ഭാഗമായിരുന്നു. 2020 ലെ ലേലത്തില്‍ അന്നത്തെ റെക്കോര്‍ഡ് തുകയായ 15.5 കോടി രൂപയ്ക്കാണ് കൊല്‍ക്കത്തയുമായി കരാര്‍ ഒപ്പിട്ടത്.
റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്ന ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ 11.75 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ആള്‍റൗണ്ടര്‍ ജെറാഡ് കോട്ട്‌സിയെ മുംബൈ ഇന്ത്യന്‍സ് അഞ്ച് കോടിക്ക് സ്വന്തമാക്കി. ഷര്‍ദുല്‍ താക്കൂറിനെ നാല് കോടിക്കും ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയെ 1.80 കോടിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി.
ഒസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. വിന്‍ഡീസ് ആള്‍റൗണ്ടര്‍ റോവ്മാന്‍ പവലാണ് ഈ താരലേലത്തില്‍ ആദ്യം വിറ്റുപോയത്. 7.4 കോടിക്ക് രാജസ്ഥാന്‍ റോയല്‍സാണ് പവലിനെ ടീമിലെത്തിച്ചത്. 214 ഇന്ത്യക്കാരടക്കം 333 പേരാണ് 10 ടീമുകളില്‍ ഇടംതേടി രംഗത്തുള്ളത്. 77 ഒഴിവുകളുള്ളതില്‍ 30 വരെ വിദേശതാരങ്ങളെ സ്വന്തമാക്കാം. ഇവര്‍ക്കായി മൊത്തം 250 കോടി രൂപവരെ മുടക്കാം. 23 താരങ്ങള്‍ക്ക് അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. തൊട്ടുതാഴെ 1.5 കോടി വിലയുള്ള 13 പേരുണ്ട്.