പിണറായി വിജയന് താങ്ങുവില
നിശ്ചയിക്കണം
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മാസത്തില്‍ ഇത്രകളവ് പറയണമെന്ന് ഭരണഘടാ ബാധ്യതയുണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ദിനചര്യകളും ജീവിതശൈലികളും വ്യക്തമാക്കുന്നത് ഉണ്ടെന്നാണ്.
ദിനംപ്രതി പത്ത് കളവെങ്കിലും പറഞ്ഞില്ലെങ്കില്‍ പിണറായിയുടെ ദിനദൗത്യം പൂര്‍ത്തിയാകില്ലെന്നാണ് തോന്നുന്നത്. സ്വര്‍ണക്കടത്ത് മുതല്‍ കരിമണല്‍ കരാര്‍ വരെ ഒന്നര ഡസന്‍ ആരോപണങ്ങളുയര്‍ന്നിട്ടും നീതിബോധമോ രാഷ്ട്രീയ നൈതികതയോ ഇല്ലാതെ മുഖ്യമന്ത്രി എല്ലാറ്റിനെയും നിഷേധിക്കുകയും പട്ടിയെ പേപ്പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. ഭരണാധികാരിയായാലും പ്രജയായാലും അവന്റെ അന്തസ്സും ആത്മാഭിമാനവും വിശ്വാസ്യതയും നിലകൊള്ളുന്നത് അവരുടെ വാക്കുകളിലും പ്രവൃത്തികളിലുമാണ്. നിര്‍മല മനസ്സും ശുദ്ധമായ വിചാരങ്ങളുമുള്ള ആളുകളുടെ പ്രവൃത്തികളും വാക്കുകളും സുതാര്യമായിരിക്കും. വിഗ്രഹ-നിഗ്രഹ ശേഷിയുള്ളതായിരിക്കുമത്. കാഞ്ഞിരക്കുരുവില്‍ നിന്ന് തേനൊഴുക്കാനും തേന്‍വരിക്കയില്‍ നിന്ന് കയ്പിന്റെ കുടം തുറക്കാനും അതിന് സാധിക്കും. കോണ്‍ഗ്രസ് വിരോധം മൂത്ത് അന്ധനും ബിജെപി പ്രണയം കാരണം ബധിരനുമായിരിക്കുന്ന പിണറായി വിജയന്‍ നിസ്സാര കാര്യത്തിനുപോലും കള്ളംപറയുന്നത് അദ്ദേഹത്തിന്റെ പതനാവസ്ഥയാണ് വ്യക്തമാക്കുന്നത്. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നുള്ള അദ്ദേഹത്തിന്റെ ആരോപണം പച്ചക്കള്ളമാണ്. പ്രഖ്യാപനം വന്ന ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണ്ഡലം തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കേരളമെങ്ങും പ്രതിഷേധ പ്രകടനങ്ങളും നൈറ്റ്മാര്‍ച്ചുകളും നടന്നു. പരമമായ സത്യത്തെ ഒളിച്ചുവെച്ചുകൊണ്ടായിരുന്നു പിണറായി വികൃതമായ അസത്യം വിളമ്പിയത്.
പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. കോണ്‍ഗ്രസ് അടക്കമുള്ള യുഡിഎഫ് അംഗങ്ങള്‍ ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായി പ്രതിഷേധിച്ചതിന്റെ തെളിവുകള്‍ കെപിസിസി പുറത്തുവിട്ടിട്ടും പിണറായി തന്റെ പുലയാട്ട് തുടരുകയാണ്. നിയമത്തിനെതിരെ രാഹുല്‍ഗാന്ധി യാതൊരു എതിര്‍പ്പും രേഖപ്പെടുത്തിയില്ലായെന്നത് നുണ ആവര്‍ത്തിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും മറ്റ് കരിനിയമങ്ങള്‍ക്കെതിരെയും ഇന്ത്യയില്‍ ഏറ്റവും ഉച്ചത്തിലുയര്‍ന്ന ശബ്ദം രാഹുല്‍ഗാന്ധിയുടേതായിരുന്നു. നിയമം കൊണ്ടുവന്ന മോദിയെയും ബിജെപി യെയും എതിര്‍ക്കുന്നതിന് പകരം അതിനെ തടയാന്‍ ശ്രമിച്ച രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസിനെയും അധിക്ഷേപിക്കുന്നത് രാഷ്ട്രീയ മാന്യതയും പൊതുപ്രവര്‍ത്തനത്തിന്റെ അന്തസ്സുമില്ലാത്ത നടപടിയാണ്.
കഴിഞ്ഞ ദിവസവും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പലഭാഗങ്ങളിലും രാഹുലിനെതിരെ രൂക്ഷമായ ആക്രമണമാണ് പിണറായി നടത്തിയത്. എന്തും വേവിക്കാവുന്ന വാടകചെമ്പ് പോലുള്ള പിണറായിയുടെ വായും നാവും രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു. ഒരു ഗ്ലാസ് കള്ളിന് പകരം മാന്യന്മാരെ പുളിച്ച തെറികൊണ്ട് അഭിഷേകം ചെയ്യുന്ന നാട്ടിന്‍പുറങ്ങളിലെ കൂലി തെറിയന്മാരെപ്പോലെയാണ് ഇപ്പോള്‍ പിണറായി. ഇത്രയും മോശമായ രീതിയില്‍ രാഷ്ട്രീയ പ്രതിയോഗികളെ തെറിപറയുന്ന എം.എം മണി പോലും പിണയായിക്ക് പിന്നിലാണ്. ചാല കമ്പോളത്തിലെയും കോഴിക്കോട് വലിയങ്ങാടിയിലെയും സിഐടിയു ക്കാര്‍പോലും ഉപയോഗിക്കാത്ത ഭാഷകൊണ്ടും അശ്ലീല നാട്യങ്ങള്‍കൊണ്ടും കോണ്‍ഗ്രസിനെ അധിക്ഷേപിക്കുന്ന പിണറായി വിജയന്‍ താനിരിക്കുന്നത് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മരബെഞ്ചിലല്ലെന്നും സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കുഷ്യനിട്ട കസേരയിലാണെന്നും ഓര്‍മ വേണം.
ഇന്ത്യ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ അതിനെ എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യുന്ന ട്രോജന്‍ കുതിരകളാണ് സിപിഎം. വിഷത്തേക്കാള്‍ മാരകമായ ഈ വിഷമുള്ളുകളെ വേരോടെ പിഴുതെറിയണം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില കുറയുമ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ താങ്ങുവില നിശ്ചയിക്കുന്നതുപോലെ വാക്കിന്റെയും നാക്കിന്റെയും വിലയിടിഞ്ഞ് പാതാളത്തോളമെത്തിയ പിണറായി വിജയന് താങ്ങുവില ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.