വിവാഹിതയായതിന്റെ പേരില്‍ സ്ത്രീയെ തൊഴിലില്‍ നിന്നും പിരിച്ചുവിടുന്നതിനെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: വിവാഹിതയായതിന്റെ പേരില്‍ സ്ത്രീയെ തൊഴിലില്‍ നിന്നും പിരിച്ചുവിടുന്നത് ലിംഗ വിവേചനവും അസമത്വവുമാണെന്ന് സുപ്രീംകോടതി. മുന്‍ മിലിട്ടറി നഴ്‌സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ച് പുറപ്പെടുവിച്ച വിധിയിലാണ് സുപ്രീംകോടതി പരാമര്‍ശം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
സലീന ജോണ്‍ എന്ന മിലിട്ടറി നഴ്‌സിങ് സര്‍വീസിലെ ജീവനക്കാരിയാണ് ഹരജി നല്‍കിയത്. ഇവരെ 1988 ആഗസ്റ്റിലാണ് സൈന്യത്തില്‍ നിന്നും പുറത്താക്കിയത്. വിവാഹിതയായതിനാല്‍ ഇവരെ ജോലിയില്‍ നിന്നും പുറത്താക്കുന്നുവെന്നാണ് സൈന്യം അറിയിച്ചത്.
1977ല്‍ രൂപീകരിച്ച മിലിട്ടറി നഴ്‌സിങ് ചട്ടപ്രകാരമായിരുന്നു ഇവരുടെ പുറത്താക്കല്‍. പിന്നീട് 1995ല്‍ ഈ ചട്ടങ്ങളിലെ വ്യവസ്ഥ പിന്‍വലിക്കുകയും ചെയ്തു. 2016 മാര്‍ച്ചില്‍ ജോണിനെ തിരിച്ചെടുക്കാന്‍ ലഖ്‌നോയിലെ ആംഡ് ഫോഴ്‌സ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. എന്നാല്‍, ആഗസ്റ്റില്‍ ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ പോയി. ഇത് തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയില്‍ നിന്നും നിര്‍ണായക ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. ഇത്തരം പുരുഷാധിപത്യ നിയമങ്ങള്‍ മനുഷ്യന്റെ അന്തസിന് കോട്ടമുണ്ടാക്കുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ലിംഗവിവേചനം പ്രോല്‍സാഹിപ്പിക്കുന്ന ഒരു നിയമവും ഉണ്ടാവരുത്. സ്ത്രീ ജീവനക്കാരുടെ വിവാഹവും കുടുംബത്തിലുളള പങ്കാളിത്തവും വിവേചനത്തിനുള്ള കാരണമാവാന്‍ പാടില്ല. ആംഡ് ഫോഴ്‌സ് ട്രിബ്യൂണലിന്റെ ഉത്തരവില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് നഴ്‌സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം സുപ്രീംകോടതി ഉത്തരവിട്ടത്.